ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഹൈടെക്കാകുന്നു

ദോഹ: പഞ്ചനക്ഷത്രപദവിക്കുപിന്നാലെ ഹമദ്അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ആദ്യ  ഹൈടെക്വിമാനത്താവളമെന്ന പദവിയും സ്വന്തമാക്കുന്നു. ഹൈടെക് സ്‌കാനിങ് മെഷീനുകള്‍ സ്ഥാപിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്.ഐ.എ) സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താന്‍ തയ്യാറെടുക്കുന്നു.  ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള സ്‌കാനിങ് മെഷീനുകളാണ് സ്ഥാപിക്കുന്നത്.  ലോകത്തില്‍ ആദ്യമായി ഹൈടെക് സ്‌കാനിങ് മെഷീന്‍ നടപ്പാക്കുന്ന ആദ്യ വിമാനത്താവളമെന്ന ഖ്യാതിയും ഇതോടെ എച്ച്.ഐ.എക്ക് സ്വന്തമാകും. സ്മാര്‍ട് പാസഞ്ചര്‍ പദ്ധതിയുടെ ഭാഗമായാണ് സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കുന്നത്. എച്ച്.ഐ.എയുടേയും എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നത്. മനുഷ്യ സഹായമില്ലാതെ വിമാനത്താവളത്തിലെ എല്ലാ യാത്രാ നടപടികളും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കുന്നതാണ് പുതിയ സംവിധാനം.
ഹൈടെക് സ്‌കാനിങ് മെഷീനിലൂടെയാകും യാത്രക്കാര്‍ കടന്നു പോകുന്നത്. യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതും ലഗേജ് രജിസ്റ്റര്‍ ചെയ്യുന്നതും ഭാരം അളക്കുന്നതും ബോര്‍ഡിങ് പാസ് എടുക്കുന്നതുമെല്ലാം  ഇലക്ട്രോണിക് സംവിധാനത്തിലൂടെയാകും പൂര്‍ത്തിയാകുക. ഇഗേറ്റ് വഴി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫ്‌ളൈറ്റിലേക്ക് പ്രവേശിക്കുകയും ചെയ്യാം. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള കവാടത്തിലും സി.സി.ടി.വി ക്യാമറകളും ഹൈടെക് സ്‌കാനിങ് മെഷീനുകളും സ്ഥാപിക്കും. പാസ്‌പോര്‍ട്ട് വകുപ്പിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ഇവയുടെ പ്രവര്‍ത്തനം.
യാത്രക്കാരുടേയും വ്യോമയാന മേഖലയുടേയും സുരക്ഷയും മുന്‍കരുതലും ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് വിമാനത്താവള സുരക്ഷാ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇസ്സ അരാര്‍ അല്‍ റുമൈഹി പറഞ്ഞു. പോലീസ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനത്താവളത്തിനുള്ളിലെ യാത്രക്കാരുടെ നീണ്ട നിര കുറക്കുന്നതിനായി വിമാനത്താവളത്തിന് അകത്തും നിരവധി പുതിയ സുരക്ഷാ മെഷീനുകള്‍ സ്ഥാപിക്കും. യാത്രക്കാരുടെ ചലനം വേഗത്തില്‍ അറിയാനും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.   അത്യാധുനിക സ്‌കാനിങ് മെഷീനുകളിലൂടെ നിരോധിക്കപ്പെട്ട വസ്തുക്കള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും. യാത്രാക്കാരേയും അവരുടെ ലഗേജും മെഷീനിലൂടെ സ്‌കാന്‍ ചെയ്യും. നിരോധിക്കപ്പെട്ട വസ്തുക്കള്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനുള്ള ക്യാമറ ഉള്‍പ്പെടെയുള്ള ഹൈടെക് സ്‌കാനിങ് മെഷീനാണ് സ്ഥാപിക്കുന്നത്. ഈ മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കും.
വിമാനത്താവളത്തിലെ സുരക്ഷാ ചെക് പോസ്റ്റിലെ സ്‌കാനിങ് നടപടികള്‍ വേഗത്തിലാക്കുന്നതിനായി യാത്രക്കാരന്റെ സ്വകാര്യ വസ്തുക്കള്‍ അടങ്ങുന്ന ബോക്‌സ് ഓട്ടോമാറ്റിക്കായി സ്‌കാന്‍ ചെയ്ത് കടന്നു പോകും. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ കൂടുതല്‍ യാത്രാക്കാര്‍ക്ക് കടന്നു പോകാന്‍ കഴിയും. ലഗേജിന്റെ സ്‌കാനിങ്ങിലെ കൃത്യത ഉറപ്പാക്കുന്നതിനായി വലിയ പരിശോധന മേശയാകും സ്ഥാപിക്കുക.
നിരോധിത വസ്തുക്കള്‍ മാത്രമല്ല ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും വേഗത്തില്‍ തിരിച്ചറിയാന്‍ ഹൈടെക് സ്‌കാനിങ് മെഷീനുകള്‍ക്ക് കഴിയുമെന്ന് വകുപ്പിലെ സുരക്ഷാ യൂണിറ്റ് മേധാവി മേജര്‍ അലി ഹമദ് അല്‍ ഹജ്‌സാബ് പറഞ്ഞു. സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലെ യാത്രക്കാരുടെ ചലനശേഷി വര്‍ധിപ്പിക്കാനും കഴിയും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് സ്ഥാപിക്കുന്നതെന്ന് ടെക്‌നിക്കല്‍ യൂണിറ്റ് മേധാവി മേജര്‍ ഖാലിദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.
muhammad
മുഹമ്മദ് ഷഫീക്ക് അറക്കല്‍