വ്യാജ കുറിപ്പടികള്‍ ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങുന്നയാള്‍ പിടിയില്‍

ആലപ്പുഴ: ഡോക്ടര്‍മാരുടെ അറിവില്ലാതെ വ്യാജ കുറിപ്പടിയുണ്ടാക്കി മെഡിക്കല്‍ ഷോപ്പില്‍നിന്ന് മയക്കുമരുന്ന് വാങ്ങി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നയാള്‍ പിടിയില്‍.
കഞ്ഞിക്കുഴി ആദിപറമ്പില്‍ വീട്ടില്‍ അഖിലാണ് (24) എക്‌സൈസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ അറസ്റ്റിലായത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് ഒ.പി ചീട്ട് വാങ്ങിയശേഷം ഡോക്ടര്‍മാരുടെ കൈയക്ഷരത്തില്‍ മയക്കുമരുന്ന് ഇനത്തില്‍പെട്ട ഗുളികകളും ഇന്‍ജക്ഷന്‍ മരുന്നുകളും വാങ്ങുന്നതാണ് ഇയാളുടെ രീതി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ വിലയ്ക്ക് മറിച്ചുവില്‍ക്കും.

എന്നാല്‍ ഇയാള്‍ എത്തിക്കുന്ന കുറിപ്പടികളില്‍ ഡോക്ടറുടെ പേരോ ആശുപത്രിയുടെ സീലോ ഉണ്ടായിരുന്നില്ല. തിരക്കുള്ള സമയങ്ങളില്‍ ഡോക്ടര്‍മാര്‍ ഇക്കാര്യം വിട്ടുപോകുന്നുവെന്നാണ് പ്രതി മെഡിക്കല്‍ ഷോപ്പുകളില്‍ പറഞ്ഞിരുന്നത്. മയക്കുമരുന്ന് സ്വഭാവമുള്ള മരുന്നുകള്‍ വില്‍ക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരും സ്വീകരിച്ചിരുന്നില്ലെന്ന് അന്വേഷണ സംഘം പറയുന്നു.
എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ കെ.ആര്‍. ബാബു, പ്രിവന്റീവ് ഓഫിസര്‍മാരായ എന്‍. ബാബു, എ. കുഞ്ഞുമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം. റെനി, വി.ബി. വിപിന്‍, പി. അനിലാല്‍, എസ്.ആര്‍. റഹീം എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 0477-2251639, 9400069494 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് എക്‌സൈസ് സി.ഐ അറിയിച്ചു.