11 പേരെ വിവാഹം ചെയ്ത് പറ്റിച്ച യുവതി ഒടുവില്‍ കൊച്ചിക്കാരന്റെ പരാതിയില്‍ കുടുങ്ങി

നോയിഡ: ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ നിന്നായി 11 പുരുഷന്മാരെ വിവാഹം ചെയ്ത് പറ്റിച്ചു കടന്നുകളഞ്ഞ യുവതിയെ പോലീസ് പിടികൂടി. 28കാരിയായ മേഘ ഭാര്‍ഗവയാണ് അറസ്റ്റിലായത്. ധനികരെ വിവാഹം കഴിച്ച് ആഭരണവുമായി രക്ഷപെടുന്നതായിരുന്നു ഇവരുടെ രീതി.

കൊച്ചി സ്വദേശി ലോറെന്‍ ജസ്റ്റിന്‍ എന്നയാളുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഒക്ടോബറിലാണ് ലോറെന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാര്യ 15 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മുങ്ങിയെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ ജസ്റ്റിന് പുറമെ നാല് മലയാളികളെക്കൂടി മേഘ പറ്റിച്ചിട്ടുണ്ടെന്ന് പോലീസിന് മനസ്സിലായി.

ഇവരില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ നിന്ന് കേരളം, മുംബൈ, പൂനെ, രാജസ്ഥാന്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് 11 പേരെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വ്യക്തമായി.