ജയലളിതയുടെ ആ രഹസ്യമകള്‍: ഒടുവില്‍ സത്യം പുറത്തുവന്നു

    മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രഹസ്യ ബന്ധത്തില്‍ ഒരു മകളുണ്ടോ?. ജയ ആശുപത്രിയിലായ ശേഷവും അവരുടെ മരണശേഷവും ജയലളിതയുടെ രഹസ്യമകള്‍ എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു യുവതിയുടെ ചിത്രം വല്ലാതെ പ്രചരിച്ചതോടെയാണ് ഇത്തരമൊരു സംശയം പലരുടെയും ഉള്ളില്‍ ഉടലെടുത്തത്. ഈ പ്രചരണത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് മാധ്യമങ്ങള്‍ പരക്കംപായുന്നതിന് ഇടയില്‍ ഒടുവില്‍ യഥാര്‍ത്ഥ സത്യം പുറത്തുവന്നിരിക്കുന്നു.

    ജയയുടെ മുഖസാദൃശ്യമുള്ള ഒരു യുവതിയുടെ ചിത്രമാണ് അവരുടെ മകളുടേത് എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാന സ്ഥാനം ഏറ്റെടുക്കുക ഈ മകളായിരിക്കും എന്നുവരെ പ്രചരണങ്ങള്‍ ചൂടുപിടിച്ചപ്പോള്‍, വാര്‍ത്തകള്‍ തെറ്റാണെന്ന് തെളിയിക്കുകയാണ് പ്രശസ്ത ഗായികയവും ടിവി അവതാരകയുമായ ചിന്മയി ശ്രീപാദ.

    തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ദിവ്യ രാമനാഥന്‍ വീരരാഘവന്റെ ചിത്രമാണ് ജയലളിതയുടെ മകള്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. തനിക്ക് അറിയാവുന്ന കുടുംബമാണ് ദിവ്യയുടേതെന്നും അവര്‍ ജയലളിതയുടെ മകളല്ലെന്നും ചിന്മയി പറയുന്നു. ഭര്‍ത്താവിനൊപ്പം ഓസ്ട്രേലിയയിലാണ് ദിവ്യ ഇപ്പോള്‍. പ്രശസ്തമായ ഒരു സംഗീത കുടുംബത്തിലെ അംഗമാണ് ദിവ്യ. പ്രശസ്ത മൃദംഗ വിദ്വാന്‍ വി ബാലാജിയുടെ കുടുംബാംഗമാണ് അവര്‍. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ചിന്മയി അഭ്യര്‍ത്ഥിക്കുന്നു.
    വി ബാലാജിയും ഇത് സംബന്ധിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടിട്ടുണ്ട്. തനിക്ക് കുട്ടിക്കാലം മുതല്‍ അറിയുന്നതാണ് തന്റെ സഹോദരഭാര്യയായ ദിവ്യയെയെന്നും, ജയലളിതയുടെ മകളാണെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത അസംബന്ധമാണെന്നും ബാലാജി പറഞ്ഞു. മുമ്പ് ഇക്കാര്യം ഫേസബുക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്നും ബാലാജി കൂട്ടിച്ചേര്‍ക്കുന്നു.