ന്യൂഡല്‍ഹി: ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും സമീപത്തുള്ള എല്ലാ മദ്യശാലകളും അടച്ച് പൂട്ടണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. രാജ്യത്ത് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി വിധി.
മദ്യപിച്ച് വാഹനമോടിക്കുകയും മദ്യപര്‍ വാഹനാപകടങ്ങള്‍ സൃഷ്ടിക്കുന്നത് വര്‍ധിക്കുകയും ചെയ്തതോടെ ദശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന് നേരത്തെ തന്നെ വിവിധ ഹൈക്കോടതികള്‍ വിധി പുറപ്പെടുവിച്ചിരുന്നു.. ഇത് ചോദ്യം ചെയ്ത് വിവിധ സംസ്ഥാന സര്‍ക്കാറുകളും മറ്റുള്ളവരും നല്‍കിയ ഹര്‍ജികള്‍ കുറേ കാലങ്ങളായി കോടതിയില്‍ കെട്ടിക്കിടക്കുകയായിരുന്നു. ഈ കേസുകള്‍ക്കാണ് ഇന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. ഇത്തരം പാതകള്‍ക്ക് 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും അടച്ച് പൂട്ടണമെന്നും എന്നാല്‍ നിലവില്‍ ലൈസന്‍സുള്ളവര്‍ക്ക് വരുന്ന മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഏപ്രില്‍ ഒന്നുമുതല്‍ ഈ സ്ഥലങ്ങളില്‍ മദ്യശാലകള്‍ പാടില്ല. ഇതോടൊപ്പം 500 മീറ്റര്‍ പരിധിക്ക് അപ്പുറത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പരസ്യ ബോര്‍ഡുകളോ സൂചനകളോ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിക്കാനും പാടില്ല. എല്ലാ സംസ്ഥാന ഡിജിപിമാരും ജില്ലാ കളക്ടര്‍മാരും ഇക്കാര്യം ഉറപ്പുവരുത്തണം. നിരോധിത മേഖലകളില്‍ പുതിയ ലൈസന്‍സുകള്‍ നല്‍കുവാനും പാടില്ല. വിധി നടപ്പാക്കിയ റിപ്പോര്‍ട്ട് ഒരു മാസത്തിനകം എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വേണമെന്ന് വിധിയില്‍ വ്യക്തമാക്കുന്നു.