സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി

    തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ ചോദിച്ച പണം റിസര്‍വ് ബാങ്ക് ഇതുവരെ നല്‍കിയില്ല. 1000 കോടി രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും 500 കോടി രൂപ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നും ധനമന്ത്രി വ്യക്തമാക്കി.

    ഇന്ന് രാവിലെ മുതല്‍ ശമ്പള വിതരണം തുടങ്ങുമെന്നും വൈകുന്നേരം ആറുമണി വരെ ട്രഷറികള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചുവെങ്കിലും 11 മണിയ്ക്കുള്ളില്‍ തന്നെ പല ട്രഷറികളിലെയും പണം തീര്‍ന്നു. ഇതേതുടര്‍ന്ന് പലയിടത്തും ശമ്പള വിതരണം നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനായി ധനമന്ത്രി തോമസ് ഐസക്ക് തലസ്ഥാനത്തെ ട്രഷറികള്‍ സന്ദര്‍ശിച്ചു. 24,000 രൂപയാണ് നിലവില്‍ ട്രഷറികള്‍ വഴി ജീവനക്കാര്‍ക്ക് നല്‍കുന്നത്.