റിയാദ്: സൗദി അറേബ്യയിലെ മോര്‍ച്ചറികളില്‍ അഴുകിത്തീരുന്നത് 150 ഓളം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍. തെലങ്കാന, ആന്ധ്ര സ്വദേശികളുടേതാണ് ഇതില്‍ അധികവും. രോഗം ബാധിച്ചും അപകടത്തെ തുടര്‍ന്നും മരിച്ചതിനു പുറമേ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ എന്നീ വിഭാഗത്തില്‍പ്പെട്ട മൃതദേഹങ്ങളും ഇവയിലുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം എംബസിക്ക് കത്ത് നല്‍കിയിട്ടും ഒന്നും നടക്കുന്നില്ല. വിവിധ കാരണങ്ങളാല്‍ ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിങ്ങനെയുള്ള എല്ലാ അപേക്ഷകളും സൗദി തൊഴിലുടമകള്‍ നിരസിക്കുകയാണ്.
റിയാദില്‍ നിന്നും മൃതദേഹം വിട്ടുകിട്ടാന്‍ മെഡിക്കല്‍, പോലീസ് റിപ്പോര്‍ട്ടുകള്‍, കുടുംബത്തില്‍ നിന്നുള്ള അനുമതി കത്ത്, സൗദി സര്‍ക്കാരിലോ, തൊഴിലുടമയിലോ ഇടപാടുകള്‍ ഇല്ലെന്ന റിപ്പോര്‍ട്ട് എന്നിവയാണ് സാധാരണയായി നല്‍കേണ്ടി വരുന്നത്. അതുപോലെ തന്നെ കൊലപാതകമാണെങ്കില്‍ കേസ് അന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കും മൃതശരീരം വിട്ടു നല്‍കുക.