ശബരിമലയ്ക്ക് സമീപം വീണ്ടും പുലിയുടെ സാന്നിദ്ധ്യം

ശബരിമല: ശബരിമലയ്ക്ക് സമീപം വീണ്ടും പുലിയുടെ സാന്നിദ്ധ്യം. പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തിലേക്ക് വരുന്ന വഴിയില്‍ വൈകുന്നേരം പുലിയ കണ്ടതായി തീര്‍ത്ഥാടകരാണ് വെളിപ്പെടുത്തിയത്. ഇതോടെ അധികൃതര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

പുല്ലുമേടിലൂടെ കടന്നുപോയ തീര്‍ത്ഥാടകര്‍ പാണ്ടിത്താവളത്തിലെത്തിയാണ് പുലിയെ കണ്ടകാര്യം പൊലീസിനെ അറിയിച്ചത്. പൊലീസും വനം വകുപ്പും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ഒരു മണിക്ക് ശേഷം പുല്ലുമേട്ടില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റി വിടില്ലായിരുന്നു. എന്നാല്‍ ഇതുവഴി വന്ന തീര്‍ത്ഥാടകര്‍ വഴിയില്‍ വിശ്രമിച്ച ശേഷം യാത്ര തുടര്‍ന്നപ്പോഴാണ് പുലിയെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്.

മുമ്പും സമീപ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയകളിലടക്കം പുലിയുടെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരാണ് അന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.