മകളുടെ വിവാഹത്തിനായി 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് ഗഡ്കരി

    ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനുള്ള അതിഥികള്‍ക്കായി 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന രീതിയിലുള്ള ആരോപണം തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ആരോപണം കളവും ദുരുദ്ദേശപരവുമാണെന്ന് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
    കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഷെഡ്യൂള്‍ ചെയ്യാത്ത 10 വിമാനങ്ങള്‍ മാത്രമാണ് വന്നതെന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഗഡ്കരിയുടെ ഓഫീസ് വ്യക്തമാക്കുന്നു.
    കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, യോഗ ഗുരു ബാബ രാംദേവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, റാമോജി റാവു, രാജ്യസഭാ അംഗം സുഭാഷ് ചന്ദ്ര എന്നിവരാണ് വിമാനങ്ങളില്‍ എത്തിയതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

    ഗഡ്കരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്ന വി.വി.ഐ.പികളുമായി 50 ചാര്‍ട്ടേഡ് വിമാനങ്ങളാണ് നാഗ്പൂരിലെത്തിയതെന്നും പതിനായിരത്തോളം അതിഥികള്‍ എത്തുമെന്നുമായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഗഡ്കരിയുടെ മൂന്നു മക്കളില്‍ ഇളയ പുത്രി കേത്രിയുടെ വിവാഹമായിരുന്നു ഞായറാഴ്ച. ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്‍, ഹേമമാലിനി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. വിവാഹ ആവശ്യങ്ങള്‍ക്കായി 2.5 ലക്ഷം രൂപ മാത്രമേ ബാങ്കില്‍നിന്നും പിന്‍വലിക്കാന്‍ സാധിക്കൂവെന്ന് നിയമം നിലനില്‍ക്കെ കേന്ദ്രമന്ത്രി ഇത്തരമൊരു ആഡംബര വിവാഹം നടത്തിയതിനെ പലരും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന വിശദീകരണമാണ് ഗഡ്കരിയുടെ ഓഫീസ് നല്‍കുന്നത്.