ആ വാഗ്ദാനം നിറവേറുന്നു; മാന്‍ഹോള്‍ അപകടത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

കോഴിക്കോട് : മാന്‍ഹോളില്‍ വീണ അന്യസംസ്ഥാന തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയ കോഴിക്കോട്ടെ ഒട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ഒടുവില്‍ സര്‍ക്കാര്‍ ജോലി. ദുരന്തം നടന്ന ഒരു വര്‍ഷം പിന്നിടുമ്പോഴാണ് നൗഷാദിന്റെ ഭാര്യ സഫ്രീനയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.

അടുത്ത ഒഴിവില്‍ തന്നെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. റവന്യൂവകുപ്പിലെ ക്ലര്‍ക്ക് പോസ്റ്റിലേയ്ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്.

2015 നവംബര്‍ 26 നാണ് കോഴിക്കോട് കണ്ടംകുളത്ത് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നൗഷാദ് മരണപ്പെട്ടത്. അന്ന് നൗഷാദിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയെന്ന വാഗ്ദാനം നല്‍കിയത്.