ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ പകരക്കാരനായി ഇറങ്ങി പകരം വെക്കാന്‍ ആരുമില്ലാത്തവനായി പവലിയനില്‍ മടങ്ങി എത്തിയിരിക്കുകയാണ് മലയാളിയായ കരുണ്‍ നായര്‍. നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിനായി ട്രിപിള്‍ സെഞ്ചുറി നേടിയിരിക്കുകയാണ് ഒരു താരം. 303 റണ്‍സാണ് കരുണ്‍ അടിച്ചുകൂട്ടിയത്.
381 പന്തില്‍ നിന്നും 32 ബൗണ്ടറികളും നാല് സിക്‌സറുകളും അടക്കമായിരുന്നു കരുണിന്‌റെ ട്രിപ്പിള്‍ സെഞ്ചുറി നേട്ടം. ആദ്യ സെഞ്ചുറിക്ക് ശേഷം ഡബിളും ട്രിപ്പിളും അടിച്ചാണ് കരുണ്‍ അവസാനിപ്പിച്ചത്. കരുണ്‍ 303 റണ്‍സില്‍ നില്‍ക്കുമ്പോള്‍ കോഹ്ലി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കരുണ്‍. ഇതോടെ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 754 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ടെസ്റ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആയിരിക്കുകയാണിത്. അഞ്ചാമനായി ഇറങ്ങി ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കരുണ്‍.
24 കാരനായ കരുണ്‍നായര്‍ കര്‍ണാടകത്തിന് വേണ്ടിയാണ് രഞ്ജിയില്‍ കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ മുരളിവിജയ്ക്ക് പരിക്കേറ്റത് മൂലം ടീമിലേക്ക് തിരഞ്ഞെടുത്തെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഈ വര്‍ഷം ജൂണില്‍ സിംബാബ്വെയ്‌ക്കെതിരെ നടന്ന പരമ്പരയിലൂടെ കരുണ്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ട് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള കരുണ്‍ നായര്‍ 46 റണ്‍സ് നേടിയിട്ടുണ്ട്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
മാതാപിതാക്കള്‍ മലയാളികളാണെങ്കിലും കരുണ്‍ ജനിച്ചത് രാജസ്ഥാനിലെ ജോധ്പൂരിലാണ്. വലം കൈയന്‍ ബാറ്റ്‌സ്മാനനും ഓഫ് സ്പിന്നറൂുമാണ്. ഐപിഎല്ലില്‍ 2012 സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിലും 2014ല്‍ രാജസ്ഥാന്‍ റോയല്‍സിലും കളിച്ചു. ഇപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമംഗമാണ്.
2015-16 രഞ്ജി സീസണില്‍ 50 റണ്‍സ് ശരാശരിയില്‍ 500 റണ്‍സാണ് ഈ മലയാളി നേടിയത്. ഐ.പി.എല്ലിലും സ്ഞജുവിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കരുണിന് സാധിച്ചു.