ജയലളിതയുടെ പേരിനൊപ്പം ചേര്‍ത്തുവയ്ക്കപ്പെട്ട ഒന്നാണ് ‘തോഴി ശശികല’ എന്ന പേര്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരി അതായിരുന്നു ശശികല നടരാജന്‍. മൂന്ന് പതിറ്റാണ്ടിലധികം ജയയുടെ വലംകൈ. ഇണങ്ങിയും പിണങ്ങിയും അനുദിനം ശക്തമായിക്കൊണ്ടിരുന്ന ബന്ധം. അതായിരുന്നു ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നത്.
തഞ്ചാവൂര്‍ ജില്ലയിലെ മണ്ണാര്‍ഗുഡിയിലെ ദേവര്‍ കുടുംബത്തിലെ അംഗമാണ് ശശികല. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച അവര്‍ തമിഴ്‌നാട് സര്‍ക്കാരില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായ നടരാജനെ വിവാഹം കഴിച്ചാണ് ചെന്നൈയില്‍ എത്തുന്നത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന നടരാജന്‍ അന്നത്തെ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ അടുത്ത അനുയായി ആയിരുന്നു. 1976 ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് നടരാജന്റെ ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടതോടെ വരുമാന മാര്‍ഗം ഇല്ലാതായ നടരാജന്‍ തന്റെ ഭാര്യയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തണമെന്ന് ദക്ഷിണ ആര്‍കോട്ട് ജില്ലാ കളക്ടര്‍ ആയിരുന്ന വി.എസ് ചന്ദ്രലേഖയോട് ആവശ്യപ്പെട്ടു.
അങ്ങനെ, വീഡിയോ പാര്‍ലര്‍ നടത്തിപ്പുകാരിയായിരുന്ന ശശികല പാര്‍ട്ടി പരിപാടികള്‍ ചിത്രീകരിക്കാനുള്ള അനുമതി തേടിയാണ് ജയലളിതയെ സമീപിച്ചു. അന്ന് എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായിരുന്നു ജയലളിത. ജയലളിതയുടെ നീക്കങ്ങള്‍ ചോര്‍ത്താന്‍ എം.ജി.ആര്‍ ശശികലയെ നിയമിക്കുകയായിരുന്നു എന്ന് അക്കാലത്ത് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
1991ലെ തെരഞ്ഞെടുപ്പില്‍ ജയലളിത അധികാരത്തില്‍ എത്തിയതോടെ പാര്‍ട്ടിയില്‍ ശക്തിയാര്‍ജിച്ചു. ഒരു ഘട്ടത്തില്‍ ജയലളിതയേക്കാള്‍ ശക്തയായി ശശികല മാറിയിരുന്നു. ശശികലയുടെ സഹോദരി വനിതാമണിയുടെ പുത്രന്‍ സുധാകരനാണ് ജയലളിതയുടെ ദത്ത് പുത്രന്‍.
ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലെ നാല്‍പ്പതോളം ജീവനക്കാര്‍ എല്ലാവരും ശശികലുടെ ബന്ധുക്കള്‍ ആയിരുന്നു. ശശികലയുടെ അമിത സ്വാധീനത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ ജയയോട് പരാതി പറഞ്ഞുവെങ്കില്‍ അത്തരക്കാരെല്ലാം പുറത്താക്കപ്പെടുന്നതാണ് തമിഴ് രാഷ്ട്രീയം കണ്ടത്.
1996 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പോയസ് ഗാര്‍ഡനില്‍ നിന്ന് ശശികല പുറത്തായി. 2001ല്‍ ജയ വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ ശശികല മാപ്പ് പറഞ്ഞ് തിരിച്ചെത്തി. അഴിമതിക്കേസുകളില്‍ ജയക്കൊപ്പം ജയിലില്‍ പോകാന്‍ വരെ തയ്യാറായ സൗഹൃദമാണ് ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ 2011ല്‍ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ശശികലയെ പുറത്താക്കി. എന്നാല്‍ ഈ പിണക്കവും അധികനാള്‍ നീണ്ടു നിന്നില്ല. അന്നും ഇന്നും എന്നും അമ്മയുടെ വലംകൈ.. അതായിരുന്നു ശശികല.