ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യവിശ്രമം കൊള്ളാനായി ശവമഞ്ചം ഒരുക്കിയ കമ്പനി ഇതിനകം തയ്യാറാക്കി നല്‍കിയത് 500 ലധികം വിഐപി മഞ്ചങ്ങള്‍. ഫ്‌ളൈയിംഗ് സ്‌ക്വാഡ് ആന്റ് ഹോമേജ് കമ്പനിയാണ് മൃതദേഹം വഹിച്ച പേടകം തയ്യാറാക്കിയത്.
ജയലളിതയുടെ സംസ്‌ക്കാര ചടങ്ങില്‍ പുറം സ്വര്‍ണ്ണം പൂശിയതും മൃതദേഹം മോശമാകാതിരിക്കാന്‍ അതിശക്തമായ ശീതീകരണ സംവിധാനവും ഉള്‍പ്പെടുത്തിയുള്ള ശവമഞ്ചവും ശ്രദ്ധനേടിയിരുന്നു. മുന്‍ പ്രധാനമന്ത്രി നരസിംഹറാവു, തമിഴ്‌നടന്‍ ശിവാജി ഗണേശന്‍, നടി മനോരമ എന്നിവരുടെയെല്ലാം പേരുകള്‍ ഈ പട്ടികയില്‍ ഉണ്ട്.
കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ പി ആര്‍ എം എം ശാന്തകുമാറാണ് ശവമഞ്ചം ഡിസൈന്‍ ചെയ്തിട്ടുള്ളത്. 1994 മുതല്‍ ഈ ജോലി ചെയ്യുന്ന കമ്പനി വ്യക്തികള്‍ക്ക് അനുസരിച്ച് ഡിസൈനിലും ആകൃതിയിലും ശ്രദ്ധിക്കുന്നുണ്ട്. 0-5 വരെ ഡിഗ്രിയില്‍ ശീതീകരിച്ച ശവമഞ്ചത്തിനുള്ളില്‍ മൂന്ന് ദിവസം വരെ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനാകും എന്നതാണ് പ്രത്യേകത.