ഈ ആരാധകര്‍ കയറിയത് നെഞ്ചിനുള്ളില്‍; എത്രയും പെട്ടെന്ന് തിരിച്ചെത്താമെന്ന് ജോസൂ

കന്നി കിരീടം നേടിയില്ലെങ്കിലും ഐ.എസ്.എല്ലില്‍ ആരാധകരുടെ മനസ് കീഴടക്കാന്‍ സാധിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിലെ ഓരോ താരങ്ങളെയും തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ആരാധകര്‍ക്ക്. എന്നാല്‍ ആരാധകര്‍ തന്‌റെ മനസാണ് കീഴടക്കിയതെന്നാണ് ബ്ലാസ്റ്റേഴ്‌സിന്‌റെ സ്പാനിഷ് പ്രതിരോധക്കാരന്‍ ഹോസു കുറിയോസ്. മഞ്ഞപ്പടയുടെ ആരാധകരോട് നന്ദി പറയുന്ന ഹോസു കേരളത്തിലേക്ക് തീര്‍ച്ചയായും മടങ്ങി വരുമെന്ന് ഉറപ്പു പറഞ്ഞാണ് മടങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സ് കുടുംബത്തില്‍ നിന്നും ഏറെ അഭിമാനത്തോടെയാണ് താന്‍ വീട്ടിലേക്ക് മടങ്ങുന്നത്. കേരളം വിട്ടു പോയെങ്കിലും ഒരു ഭാഗം ഇപ്പോഴും അവിടെ തന്നെ ഉണ്ട്, കഴിയുന്നത്ര വേഗത്തില്‍ താന്‍ മടങ്ങി എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹോസു പറയുന്നു. അനേകം ആരാധകരുടെ ഹൃദയം ഞാന്‍ കീഴടക്കിയെന്നാണ് എല്ലാവരും പറയുന്നതെങ്കിലും എല്ലാവരും തന്റെ ഹൃദയമാണ് കീഴടക്കിയതെന്ന് ഹോസു പറയുന്നു.

കിരീടം നേടാനായില്ലെങ്കിലും ഓരോ താരങ്ങള്‍ക്കും അകമഴിഞ്ഞ സ്‌നേഹമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ നല്‍കുന്നത്. ഫൈനലിലെ തോല്‍വിക്ക് താരങ്ങള്‍ ക്ഷമ ചോദിക്കുമ്പോള്‍ സ്‌നേഹം നല്‍കി അവരെ ആശ്വസിപ്പിക്കുകയാണ് ആരാധകര്‍. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ പ്രതിരോധ നായകന്‍ ഹെങ്ബര്‍ത്ത് ക്ഷമ പറഞ്ഞപ്പോഴും അദ്ദേഹത്തിന് വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും കിട്ടിയത്.