മലപ്പുറം: മലപ്പുറം കൊടിഞ്ഞിയില്‍ മതംമാറിയതിന്റെ പേരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ഫൈസലിന്റെ മാതാവ് ഇസ്ലാം മതം സ്വീകരിച്ചായി റിപ്പോര്‍ട്ട്. ഫൈസലിന്റെ മാതാവ് മീനാക്ഷിയാണ് മതംമാറി ജമീല എന്ന പേര് സ്വീകരിച്ചത്. പൊന്നാനിയില്‍ നിന്നും വന്ന തങ്ങള്‍ മീനാക്ഷിക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഫൈസലിന്റെ ഭാര്യയും മക്കളും ഇസ്ലാം സ്വീകരിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഫൈസലിന്റെ മാതാവും മതപഠനത്തിനായി പൊന്നാനിയിലേക്ക് പോകുമെന്നാണ് സൂചന. മകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണോ മാതാവിന്റെ നടപടിയെന്ന് വ്യക്തമല്ല.
നവംബര്‍ 19ന് പുലര്‍ച്ചെ ഓട്ടോയില്‍ യാത്ര ചെയ്യവെയാണ് ഫാറൂഖ് നഗറില്‍ വെച്ച് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് നന്നമ്പ്ര കൊടിഞ്ഞി പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന് പുല്ലാണി സജീഷ് (32), കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന് (30), ഇയാളുടെ ജേഷ്ഠന് ഷാജി (39), ചാലത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് (32), കൊടിഞ്ഞിയിലെ ഡ്രൈവിംഗ് സ്കൂള്‍ നടത്തിപ്പുകാരനായ പാലത്തിങ്ങല്‍ പള്ളിപ്പടി ലിജു എന്ന ലിജേഷ് (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്ത ഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഫൈസലിനൊപ്പം മറ്റു കുടുംബാംഗങ്ങളും മതംമാറുമോ എന്ന ആശങ്കയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.