നോട്ട് പ്രതിസന്ധിയില്‍ മനംനൊന്ത് സി.ആര്‍.പി.എഫ് ജവാന്‍ ആത്മഹത്യ ചെയ്തു

    ലക്‌നൗ: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്ത വിഷമത്തില്‍ ആഗ്രയില്‍ മുന്‍ സി.ആര്‍.പി.എഫ് ജവാന്‍ ആത്മഹത്യ ചെയ്തു. ബുധാന സ്വദേശിയായ രാകേഷ് ചന്ദാണ് മരണം വരിച്ചത്. ചികിത്സയ്ക്കായി ബാങ്കില്‍നിന്നും പണം പിന്‍വലിക്കാന്‍ കഴിയാതിരുന്നതോടെ നിരാശനായ ഇയാള്‍ വീട്ടിലെത്തി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു.

    2012ലാണ് സി.ആര്‍.പി.എഫില്‍ നിന്നും രാകേഷ് ചന്ദ് വിരമിച്ചത്. 1990ല്‍ കശ്മീരിലെ ബാരാമുള്ളയില്‍ തീവ്രവാദി ആക്രമണത്തില്‍ രാകേഷിന് വെടിയേറ്റിരുന്നു. ഇതേ തുടര്‍ന്ന് ചന്ദിന് ഹൃദയസംബന്ധമായ അസുഖത്തിന് അടിമയായി. മാസംതോറും പെന്‍ഷനായി ലഭച്ചിരുന്ന പണത്തില്‍നിന്നും ഭൂരിഭാഗത്തോളം ചികിത്സയ്ക്കായാണ് ചന്ദ് ചിലവഴിച്ചിരുന്നതെന്ന് മകന്‍ സുശീല്‍ കുമാര്‍ പറഞ്ഞു.