ജയലളിതയുടെ മനസറിഞ്ഞത് തന്‌റെ മകള്‍ മരിച്ച സമയത്ത്; ചിത്ര

മലയാളത്തിലെ വാനമ്പാടി കെ എസ് ചിത്ര തമിഴരുടെയും മനം കവര്‍ന്ന ഗായികയാണ്. തമിഴരുടെ അമ്മ വിട പറഞ്ഞപ്പോള്‍ മറക്കാനാകാത്ത ഒരു അനുഭവം ചിത്രയ്ക്കും സമ്മാനിച്ചാണ് ജയലളിത കടന്നു പോയത്. ഫേസ്ബുക്കിലൂടെയാണ് ചിത്രയും തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്.

ചിത്രയുടെ വാക്കുകളിലേക്ക്:

അമ്മയെ അടുത്തു കാണുവാനൊന്നും ഞാന്‍ അധികം പോയിട്ടില്ല. പക്ഷേ കലാകാരന്‍മാരോടെല്ലാം ഒരു പ്രത്യേക സ്‌നേഹമായിരുന്നു. അവര്‍ നന്നായി പാടുകയും ചെയ്യുമായിരുന്നല്ലോ. അഭിനേത്രിയുമായിരുന്നു. ആ സ്‌നേഹം ഞാനും അനുഭവിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങാന്‍ പോയ സമയത്തായിരുന്നു അത്. അന്നെടുത്ത ഫോട്ടോ ഒരു ആല്‍ബമാക്കി സൂക്ഷിച്ചു വച്ചിട്ടുണ്ട്. പക്ഷേ അതിനേക്കാളേറെ ആ മനസ് അറിഞ്ഞത് എന്റെ മകള്‍ പോയ സമയത്തായിരുന്നു. അവള്‍ക്കായി ഒരു കുടീരം നിര്‍മ്മിക്കുവാനായി ഞാന്‍ അപേക്ഷ സമര്‍പ്പിച്ച ഉടന്‍ തന്നെ അതിന് അനുമതി തന്നു. കാലമെത്ര കടന്നാലും അതു ഞാന്‍ മറക്കില്ല. ജനത്തിരക്കു കാണുമ്പോള്‍ തന്നെ പേടിയാകുന്നു. എങ്ങനെ ചെന്നെത്തുമെന്നറിയില്ല. പക്ഷേ എങ്ങനെയെങ്കിലും ചെന്നെത്തിയേ തീരൂ. ആ മുഖം അവസാനമായി ഒന്നു കാണണമെന്നുണ്ട്.

സാധാരണ തമിഴ്‌നാട്ടിലെ വീടുകളിലോ, പൊതു ശ്മശാനങ്ങളിലോ കുടീരങ്ങള്‍ കെട്ടുവാനായി അനുമതി നല്‍കാറില്ല. അഥവാ നല്‍കിയാല്‍ തന്നെ കുടീരം ആറു മാസത്തിനുള്ളില്‍ പൊളിച്ചു നീക്കണം എന്ന വ്യവസ്ഥയുമുണ്ടായിരുന്നു. പക്ഷേ കെ.എസ്. ചിത്രയുടെ കാര്യത്തില്‍ ആ നിയമമെല്ലാം ജയലളിതയുടെ ഭരണകൂടം മാറ്റിവയ്ക്കുകയായിരുന്നു.