മുംബൈ: എെ.എസ്.എല്ലിലെ ആദ്യ ഫൈനലിസ്റ്റായി അത്‍ലിറ്റിക്കോ ഡി കൊല്‍ക്കത്ത. രണ്ടാം പാദ സെമിയില്‍ മുംബൈ എഫ്‍സിക്കെതിരായ മത്സരം ഗോള്‍ രഹിത സമനിലയായിരുന്നു. ഇതോടെയാണ് കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശനം ഉറപ്പായത്.
സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ 3-2ന് കൊല്‍ക്കത്ത ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മല്‍സരം സമനില ആയാല്‍പ്പോലും കൊല്‍ക്കത്ത ഫൈനലില്‍ എത്തുമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു കൊല്‍ക്കത്തയുടെ കളി.
എന്നാല്‍ മറുവശത്ത്, ജയത്തിനായി തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ടാണ് മുംബൈ കളംനിറഞ്ഞത്. ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയെ മുന്‍നിര്‍ത്തിയുള്ള ആക്രമണമായിരുന്നു മുംബൈ നടത്തിയത്. സ്വന്തം നാട്ടുകാര്‍ ആര്‍ത്തുവിളിച്ചപ്പോള്‍, മുംബൈ ഗോള്‍ നേടുമെന്ന് തന്നെ തോന്നിപ്പിച്ചു. എന്നാല്‍ ഗോള്‍കീപ്പര്‍ മജുംദാറിന്റെ മിന്നല്‍ സേവുകള്‍ മുംബൈയുടെ സ്വപ്‌നങ്ങള്‍ തച്ചുടയ്‌ക്കുകയായിരുന്നു.