പത്മനാഭസ്വാമിയെ തൊഴാന്‍ സ്ത്രീകള്‍ക്ക് ചുരിദാറിലെത്താമെന്ന തീരുമാനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

    കൊല്ലം : പത്മനാഭസ്വാമിയെ തൊഴാന്‍ സ്ത്രീകള്‍ക്ക് ചുരിദാറിലെത്താമെന്ന തീരുമാനത്തെ പിന്തുണച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.  വസ്ത്രങ്ങളുടെ പേരിലുള്ള ഇത്തരം വിവാദങ്ങള്‍ അനാവശ്യമാണ്. മന:ശുദ്ധിയും ശരീരശുദ്ധിയുമാണ് ക്ഷേത്രപ്രവേശനത്തിന് അനിവാര്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
    ഇതിന്റെ പേരില്‍ ഹൈന്ദവ സംഘടനകള്‍ തമ്മിലടിക്കരുതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

    അതേസമയം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മരവിപ്പിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ തത് സ്ഥിതി തുടരണമെന്നാണ് ജഡ്ജിയുടെ നിര്‍ദേശം. ഇന്ന് രാവിലെ ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ ക്ഷേത്രത്തില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല.