പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കിനി മുണ്ടുടുക്കേണ്ട; ചുരിദാര്‍ മതി

    തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ ഇനി മുണ്ടുടുക്കേണ്ടെന്നും അവര്‍ക്ക് ചുരിദാര്‍ ധരിച്ചുകൊണ്ട് ക്ഷേത്രപ്രവേശനം ആകാമെന്നും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ്. തിരുവനന്തപുരം സ്വദേശിനിയും അഭിഭാഷകയുമായ റിയ രാജു എന്ന സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷ് കുമാര്‍ ഇത്തരമൊരു ഉത്തരവിട്ടിരിക്കുന്നത്.

    അതേസമയം, തിരുവിതാംകൂര്‍ രാജപ്രതിനിധിയും തന്ത്രിയും ബ്രാഹ്മണ സഭയും പുതിയ തീരുമാനത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുണ്ട്.

    പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് മേല്‍മുണ്ട് നിര്‍ബന്ധമായിരുന്നു. ഇക്കാരണം കൊണ്ടു മാത്രം പല സ്ത്രീകള്‍ക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് അവസരം നിഷേധിക്കപ്പെട്ടിരുന്നു. മുണ്ടുമായി ക്ഷേത്രത്തില്‍ എത്തുകയോ അല്ലെങ്കില്‍ ക്ഷേത്രത്തിന്റെ വാതില്‍ക്കല്‍ മുണ്ട് വില്‍പ്പന നടത്തുന്നവരില്‍ നിന്നും വാടകയ്ക്ക് എടുക്കുകയോ ആയിരുന്നു ഏക മാര്‍ഗ്ഗം. ഇവിടെയും പ്രശ്‌നം തീരുന്നില്ല. ഇത്തരത്തില്‍ വാടകയ്ക്ക് മുണ്ട് നല്‍കുന്നവര്‍ ഭക്തരില്‍ നിന്നും വന്‍ തുകയാണ് ഈടാക്കിയിരുന്നത്. മാത്രമല്ല, ഒരാള്‍ക്ക് കൊടുക്കുന്ന മുണ്ട് വൃത്തിയാക്കാതെ മറ്റൊരാള്‍ക്ക് കൊടുക്കുന്നതും അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനൊക്കെയാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.