മലപ്പുറം: നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നും കൊല്ലപ്പെട്ടത് രോഗം ബാധിച്ച് അവശരായി കിടന്നവരെയെന്നും വെളിപ്പെടുത്തല്‍. നിലമ്പൂരിലെ പത്രം ഓഫീസുകളിലേയ്ക്ക് വന്ന ഫോണ്‍ കോളിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മാവോയിസ്റ്റ് നേതാവ് സോമനാണ് ഫോണ്‍ ചെയ്തിരിക്കുന്നതെന്നാണ് സൂചന. നിലമ്പൂര്‍ വധത്തിലെത്തിയ പോലീസ് അവിടെ സുഖമില്ലാതെ കിടന്നവരെയാണ് വെടിവെച്ച് കൊന്നതെന്നും യാതൊരു ഏറ്റുമുട്ടലും അവിടെ ഉണ്ടായിട്ടില്ലെന്നും ഫോണ്‍ വിളിച്ചയാള്‍ പറയുന്നു.
കുപ്പുദേവരാജ് കിടപ്പിലായിരുന്നു. അജിത മഞ്ഞപ്പിത്ത ബാധിതയായിരുന്നു. സംഘത്തില്‍ ആകെ ആറുപേരാണ് ഉണ്ടായിരുന്നത്. കിടപ്പിലായവരോട് കീഴടങ്ങാന്‍ ആവശ്യപ്പെടാതിരുന്ന പോലീസ് യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും തങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലാണെന്നും വിളിച്ചയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.