നോട്ട് നിരോധനത്തിന്റെ പേരില്‍ വിവാഹ വായ്പകള്‍ നല്‍കുന്നില്ല: കൊച്ചി സാക്ഷിയായത് വേറിട്ട പ്രതിഷേധത്തിന്

കൊച്ചി: നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ വിവാഹ ആവശ്യങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്ന സഹകരണ ബാങ്കുകളുടെ നടപടിക്ക് എതിരെ വിവാഹം നടത്തി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്പുംപടി എസ്.ബി.ടി ബാങ്കിനു മുന്നിലാണ് വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.

നോട്ടുമാറാനും മറ്റ് ഇടപാടുകള്‍ക്കുമായി ബാങ്കില്‍ ക്യൂനില്‍ക്കുന്നവരെ സാക്ഷിയാക്കി യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി നൗഫിദയും ന്യൂനപക്ഷ സെല്‍ ജില്ലാ കമ്മിറ്റി അംഗവും ഭര്‍ത്താവുമായ ഇ.ജെ ഡാനിയും ബാങ്കിനു സമീപത്തെ എ.ടി.എമ്മിനു മുന്നില്‍ പരസ്പരം മാല ചാര്‍ത്തി.

നോട്ട് നിരോധത്തിനു ശേഷം വിവാഹാവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിന്നും വായ്പ അനുവദിക്കുന്നതില്‍ തടസമുണ്ടാകില്ല എന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാല്‍ സാധാരണക്കാര്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് കൂടുതലായും ആശ്രയിക്കുന്ന സഹകരണ ബാങ്കുകളെ കള്ളപ്പണ ആരോപണത്തിന്റെ പേരില്‍ കേന്ദ്രം വിലക്കിയതോടെ വായ്പ അനുവദിക്കല്‍ അസാധ്യമായി മാറി. ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായി പ്രതികരിച്ച് തങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതെന്നും സഹകരണ ബാങ്കുകളില്‍നിന്ന് വായ്പകള്‍ അനുവദിക്കപ്പെട്ടവര്‍ക്ക് അവ എത്രയുംപെട്ടെന്ന് നല്‍കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.