മൊഹാലിയും ഇന്ത്യ തന്നെ, ഇംഗ്ലണ്ടിനെ താേല്‍പ്പിച്ചത് എട്ട് വിക്കറ്റിന്

മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ആധികാരിക ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലാണ് ഇന്ത്യ. രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 103 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസ വിജയം സ്വന്തമാക്കി.

ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേലിന്റെ അതിവേഗ അർധ സെഞ്ചുറിയാണ് ജയം അനായാസമാക്കിയത്. പാർഥിവ് 54 പന്തിൽ 67 റൺസോടെ പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 236 റൺസിൽ അവസാനിച്ചിരുന്നു. അർധ സെഞ്ചുറി നേടിയ ജോ റൂട്ട് (78), ഹസീബ് ഹമീദ് (പുറത്താകാതെ 59) എന്നിവർ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ ചെറുത്തുനിന്നത്. ക്രിസ് വോക്സ് 30 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ആർ.അശ്വിൻ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.

സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 283, രണ്ടാം ഇന്നിംഗ്സ് 236. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 417, രണ്ടാം ഇന്നിംഗ്സ് 104/2. മത്സരത്തിൽ ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദ മാച്ച്. പരമ്പരയിലെ നാലാം ടെസ്റ്റ് ഡിസംബർ എട്ടിന് മുംബൈയിൽ തുടങ്ങും.