ആമിര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദംഗല്‍. ചിത്രത്തില്‍ കര്‍ക്കശക്കാരനായ ഒരച്ഛനായാണ് ആമിര്‍ എത്തുന്നത്. തന്റെ പിതാവിന്റെ സ്വഭാവവും ഹിറ്റ്‍ലറെ പോലെ തന്നെയായിരുന്നെന്ന് ആമിര്‍ പറഞ്ഞു. ചിത്രത്തിന്റെ ഒാഡിയോ റിലീസ് ചടങ്ങിലാണ് ആമിര്‍ മനസ് തുറന്നത്.
ഒാഡിയോ ലോഞ്ചിന് പങ്കെടുക്കാനെത്തുന്ന പത്രപ്രവര്‍ത്തകരോട് അവരുടെ കുട്ടികളെയും കൊണ്ടുവരാന്‍ ആമിര്‍ ആവശ്യപ്പെട്ടിരുന്നു. പിതാവ് കര്‍ക്കശക്കാരനാകുമ്പോള്‍ കുട്ടികള്‍ക്ക് എത്രത്തോളം പ്രയാസമുണ്ടാകും എന്നറിയാനാണ് ആമിര്‍ കുട്ടികളെ കൊണ്ടുവരാന്‍ പറഞ്ഞത്. എന്നാല്‍ ആമിര്‍ കുട്ടികളോട് ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ അച്ഛന്‍മാരേക്കള്‍ കാര്‍ക്കശ്യക്കാര്‍ അമ്മമാരാണെന്നായിരുന്നു കുട്ടികള്‍ പറഞ്ഞത്.
പിന്നീട് ആമിര്‍ തന്റെ കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവച്ചത്. ‘എന്റെ അച്ഛന്‍ ഹിറ്റ്‍ലറെപ്പോലെ ആയിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ ഏറെ ഭയപ്പെട്ടിരുന്നു. കുട്ടിക്കാലം മുതലേ ഇതുകാരണം ഞാന്‍ ഒരു റിബലായി മാറി.’
ഇന്നത്തെ കാലത്ത് കുട്ടികളെ അവരവരുടെ കരിയര്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ആമിര്‍ പറഞ്ഞു. അവര്‍ എന്ത് തിരഞ്ഞെടുത്താലും അതിന്റെ ഗുണ ദോഷങ്ങളെ കുറിച്ച് നമുക്ക് നമ്മുടെ അഭിപ്രായം അവരോട് പറയാം എന്നു മാത്രം. ദംഗലിലെ പിതാവ് സ്വന്തം കുട്ടികളെ ഗുസ്തിക്കാരാക്കന്‍ കഠിനമായ വ്യായാമ മുറകളാണ് അവരെ കൊണ്ട് ചെയ്യിക്കുന്നത്. അതുകൊണ്ടാണ് ‘ഹാനികാരക് ബാപ്പു’ എന്ന് അയാളെ വിളിക്കുന്നത്-ആമിര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവായ ഗുസ്തി ചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്.