തിരുവനന്തപുരം: ആറു മാസം പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ അഴിച്ചുപണി. എം.എം. മണിയെ ഉള്‍പ്പെടുത്തി സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. മന്ത്രിസഭയിലെത്തുന്ന എം.എം. മണിക്കു വൈദ്യുതി വകുപ്പിന്റെ ചുമതലയാണു നല്‍കുക.
ഇ.പി. ജയരാജന്‍ രാജിവച്ച ഒഴിവിലാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയില്‍ നിന്നുള്ള എംഎല്‍എയുമായ എം.എം. മണി മന്ത്രിസഭയിലെത്തുന്നത്. ഇതോടൊപ്പം രണ്ടു മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ധാരണയായി. ഇ.പി. ജയരാജന്‍ വഹിച്ചിരുന്ന വ്യവസായം, കായികം, യുവജനക്ഷേമം വകുപ്പുകളുടെ ചുമതല എ.സി. മൊയ്തീനു നല്‍കും. മൊയ്തീന്‍ വഹിച്ചിരുന്ന സഹകരണം, ടൂറിസം വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രനു ലഭിക്കും. കടകംപള്ളി വിഹിച്ചിരുന്ന വൈദ്യുതി വകുപ്പ് എം.എ. മണിക്കു കൈമാറാനാണു സിപിഎം സംസ്ഥാന സമിതിയിലുണ്ടായ ധാരണ. നിലവിലുള്ള ദേവസ്വം വകുപ്പിന്റെ ചുമതലയില്‍ കടകംപള്ളി സുരേന്ദ്രന്‍ തുടരും.
സിപിഎം സംസ്ഥാന സമിതിയില്‍ എതിര്‍പ്പിനൊടുവിലാണ് എം.എം. മണിയുടെ മന്ത്രിസഭാപ്രവേശത്തിന് അംഗീകാരമായത്. കഴിഞ്ഞ 16, 17 തീയതികളില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും സമിതിയിലും ചര്‍ച്ച നടന്നു. സിപിഎമ്മിന്റെ 12 മന്ത്രിസഭാംഗങ്ങളിലെ ഒരൊഴിവിലേക്കു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.എം. മണിയുടെ പേരു ശിപാര്‍ശ ചെയ്തതു സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നുവെന്നു പാര്‍ട്ടി തീരുമാനങ്ങള്‍ വിശദീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.