ബാഹുബലി രണ്ടാം ഭാഗത്തിലെ യുദ്ധരംഗം ചോര്‍ത്തിയ ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി 2ലെ യുദ്ധരംഗം ചോര്‍ത്തിയ ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ നിന്നുള്ള 9 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് ഇയാള്‍ ചോര്‍ത്തിയത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജീവനക്കാരനായിരുന്നു അറസ്റ്റിലായ ഗ്രാഫിക് ഡിസൈനര്‍.

ചോര്‍ന്ന രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് സംവിധായകന്‍ പരാതി നല്‍കുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഫോട്ടോഗ്രാഫിക്ക് സംവിധായകന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഷൂട്ടിംഗിന്റെ ചിത്രങ്ങള്‍ സെപ്റ്റംബറില്‍ പുറത്ത് വന്നിരുന്നു.