ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നാലു ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് സൂചന. നേരത്തെ ജയലളിതയെ നവംബര്‍ 19 ശനിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നവംബര്‍ 23 ഓടെ മാത്രമേ ജയലളിത ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാവുകയുള്ളു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അണുബാധ വരാതിരിക്കാനുള്ള മുന്‍കരുതലായാണ് ജയലളിതയെ ഐ സി യുവിലേക്ക് മാറ്റിയതെന്നും അപ്പോളോ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡി അറിയിച്ചു. ജയലളിത പൂര്‍ണ്ണമായും സുഖം പ്രാപിച്ചെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ നവംബര്‍ 18 വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ജയലളിത ശനിയാഴ്ച ആശുപത്രി വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
സെപ്റ്റംബര്‍ 22 നാണ് പനിയും നിര്‍ജലീകരണവും മൂലം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയ്ക്ക് കനത്ത സുരക്ഷയാണ് ഇതിന് പിന്നാലെ ഏര്‍പ്പെടുത്തിയത്. സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കുക കൂടി ചെയ്തതോടെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു.