കള്ളപ്പണക്കാരേ പേടിക്കെണ്ട നിങ്ങള്‍ക്കൊപ്പം മോഡിയുണ്ട്, ബി.ജെ.പി മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍

ചണ്ഡീഗഢ്: മോഡി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ എതിര്‍ത്തും അനുകൂലിച്ചും വന്‍ ചര്‍ച്ചയാണ് ഉയരുന്നത്. ഇതിനിടെ ഹരിയാനയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ മനീഷ് ഗ്രോവറിന്റെ വാക്കുകളാണ് വിവാദത്തിലായിരിക്കുന്നത്. കള്ളപ്പണക്കാര്‍ പേടിക്കെണ്ട പ്രധാനമന്ത്രി നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന് മനീഷ് പറയുന്ന വീഡിയോ വിവാദമായിരിക്കുകയാണ്.

മോദിമാത്രമല്ല ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും നിങ്ങളുടെ കൂടെയുണ്ടെന്ന് മന്ത്രി പറയുന്നതും വീഡിയോയിലുണ്ട്. വീഡിയോയുടെ ആധികാരികത ഇതുവരെ ഉറപ്പുവരുത്തിയിട്ടില്ലെങ്കിലും ബി.ജെ.പി നേതാവ് ഇത്തരത്തില്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നുണ്ട്.

നോട്ടുകള്‍ പിന്‍വലിക്കുന്ന തീരുമാനം ബി.ജെ.പി തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെപ്പോലുള്ളവര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

പഞ്ചാബിലെ ബി.ജെ.പിയുടെ നിയമകാര്യ ഡിപ്പാര്‍ട്ട്‌മെന്റില്‍ കോ കണ്‍വീനറായിരുന്നു സഞ്ജീവ് കാംബോജിന്റെ ട്വീറ്റുകള്‍ തെളിവായി ഉയര്‍ത്തിക്കാട്ടിയാണ് കെജ്‌രിവാള്‍ ഇത്തരമൊരു ആരോപണമുന്നയിച്ചത്. നോട്ടുകള്‍ നിരോധിച്ചുകൊണ്ട് നവംബര്‍ എട്ടിന് നരേന്ദ്രമോദിയുടെ പ്രഖ്യാപനം വരുന്നതിനു മുമ്പ് നവംബര്‍ ആറിന് പുതിയ 2000രൂപയുടെ നോട്ടുകളുടെ ചിത്രം കാംബോജ് ട്വിറ്റു ചെയ്തിരുന്നു.

അതുപോലെ അംബാനിയെയും അദാനിയെയും പോലുള്ള വ്യവസായ ഭീമന്‍മാരെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ഭവാനി സിങ് രജാവതും വ്യക്തമാക്കിയിരുന്നു. അതിനാല്‍ അവര്‍ക്ക് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചുവെന്നും ഭവാനി സിങ് പറഞ്ഞിരുന്നു.