കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനാ ഫലം പോലീസിന്

    തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനാ ഫലം പോലീസിന് ലഭിച്ചു. അസ്വാഭാവികമായി ഒന്നും നുണപരിശോധനയില്‍ കണ്ടെത്താനായില്ല. പോലീസിന് നല്‍കിയ മൊഴി നുണപരിശോധനയിലും ആവര്‍ത്തിച്ചു.

    ആറ് പേരെയായിരുന്നു നുണ പരിശോധനക്ക് വിധേയമാക്കിയിരുന്നത്. കേസില്‍ നിര്‍ണായകമായിരുന്നു നുണപരിശോധന. ഫലം ലഭ്യമായതോടെ കേസിലെ അടുത്ത നടപടിയെ കുറിച്ച് ഉന്നതതല ചര്‍ച്ച നടത്താനാണ് പോലീസിന്റെ തീരുമാനം.

    മണിയുടെ സഹായികളായ ജോബി, അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍, പീറ്റര്‍ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയായിരുന്നു ഉത്തരവിട്ടത്. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിന് കഴിയാത്ത സാഹചര്യത്തിലായിരുന്നു സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചത്.

    പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി നോട്ടീസയച്ച് ആറു സഹായികളെയും വിളിപ്പിച്ചിരുന്നു. നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇവര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ആറുപേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കിയത്.