തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയടക്കം എല്ലാ തൊഴില്‍ മേഖലയിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സുവ്യക്തമായ നിലപാടാണുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ ട്രാന്‍സ്ജെന്‍ഡറിന് പ്രത്യേക പരിഗണന നല്കാന് ഉതകുന്ന നിലയിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കുമെന്ന് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയുടെ 50-ാം പേജില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മൂന്നാം ലിംഗ വിഭാഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് നിലവില്‍ നിയമമില്ലെന്ന് കഴിഞ്ഞ ദിവസം പി.എസ്.സി വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പെന്‍ഷനും ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ക്കും ഈ സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
അവരുടെ ഉന്നമനത്തിനാവശ്യമായ പദ്ധതികള്‍ക്ക് വേണ്ടി 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ജോലി സംവരണം ചെയ്തുകൊണ്ട് ലിംഗനീതിയുടെ ഒരു പുതിയ അധ്യായം തുറക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. ജാതിയുടെയോ, മതത്തിന്റെയോ, ലിംഗത്തിന്റെയോ പേരില്‍ വിവേചനങ്ങള്‍ പാടില്ലായെന്നു നമ്മുടെ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ട്രാന്സ്ജെന്ഡറാണ് എന്നതിന്റെ പേരില്‍ ഒരാള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്നത് മൗലികാവകാശലംഘനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.