പൂനെ: പൂനെ റെയ്‌സോണി എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇതില്‍ രണ്ടുപേര്‍ സഹപാഠികളാണ്.വെള്ളിയാഴ്ച വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലില്‍ വെച്ച് അടുത്തടുത്ത രണ്ടു ദിവസങ്ങളില്‍ സഹപാഠികള്‍ മാനഭംഗപ്പെടുത്തിയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. അശ്ലീല സന്ദേശമയച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്ന മൂന്നാമത്തെയാള്‍ കോളേജിലെ വിദ്യാര്‍ത്ഥിയല്ല. മാനഭംഗത്തിനിരയായ പെണ്‍കുട്ടി സുഹൃത്തുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്. കഴിഞ്ഞ ഒക്ടോബര്‍ 18 ന് ആദ്യ സെമസ്റ്ററിലെ ആദ്യ പരീക്ഷയ്ക്കു ശേഷം ഹോസ്റ്റലിലേക്ക് മടങ്ങുമ്പോള്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കരന്‍ ഗുജേ പെണ്‍കുട്ടിയുടെ സമീപത്തെത്തി. പെണ്‍കുട്ടിയോട് പ്രൊജക്ട് ചെയ്യാന്‍ സഹായിക്കണോ എന്നുചോദിച്ചു. പെണ്‍കുട്ടി ശരി എന്നു പറഞ്ഞപ്പോള്‍ പ്രൊജക്ട് ഫയലുകളെല്ലാം ഹോസ്റ്റലിലെ റൂമിലാണെന്നും പെണ്‍കുട്ടിയോട് അതെടുക്കാന്‍ വരാനും ആവശ്യപ്പെട്ടു. റൂമിലെത്തിയപ്പോള്‍ ഗുജേ പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇയാളുടെ ആക്രമണത്തില്‍ തകര്‍ന്നുപോയ പെണ്‍കുട്ടി സംഭവം പുറത്തറിഞ്ഞാല്‍ എഞ്ചിനീയറിങ് പഠനം അവസാനിക്കുമോ എന്ന് ഭയന്ന് ഇക്കാര്യം മാതാപിതാക്കളോട് പോലും പറഞ്ഞില്ല. പിറ്റേ ദിവസവും പെണ്‍കുട്ടി പരീക്ഷയെഴുതാനെത്തി. എന്നാല്‍ ഖുജേ തന്നെ ശ്രദ്ധിക്കുന്നത് കണ്ട പെണ്‍കുട്ടി ഭയചകിതയായി. അപ്പോഴാണ് അവള്‍ക്ക് സഹപാഠിയായ മഹേഷ് കോര്‍ഡേയുടെ മെസേജ് ലഭിക്കുന്നത്. അവള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയാമെന്നും ഉപദ്രവിച്ചയാളെ അറസ്റ്റ് ചെയ്യന്‍ സഹായിക്കുമെന്നും പറഞ്ഞായിരുന്നു മെസേജ്. കോര്‍ഡേ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുകയും ഇയാളെ വിശ്വസിച്ച പെണ്‍കുട്ടി പരീക്ഷയ്ക്കു ശേഷം ഇയാളെ കാണാന്‍ ചെല്ലുകയും ചെയ്തു. എന്നാല്‍ ഈ കാര്യം കാംപസില്‍ വച്ച് പറയുന്നത് അത്ര സുരക്ഷിതമല്ലെന്നും മുറിയിലിരുന്ന് സംസാരിക്കാമെന്നും കോര്‍ഡേ പറഞ്ഞു. മാത്രമല്ല എവിടെ വെച്ചാണ് ഇത് സംഭവിച്ചതെന്ന് കാണിച്ചുതന്നാല്‍ അത് കേസ് ശക്തമാകാന്‍ സഹായിക്കുമെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടി നടന്നതെല്ലാം പറയുകയും സംഭവം നടന്ന സ്ഥലം കാണിച്ചുകൊടുക്കാന്‍ ഹോസ്റ്റല്‍ മുറിയില്‍ എത്തിയപ്പോള്‍ കോര്‍ഡേ മുറിയുടെ വാതിലടച്ച് പെണ്‍കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. തലേദിവസം പെണ്‍കുട്ടി മാനഭംഗം ചെയ്യപ്പെട്ട അതേമുറിയില്‍ വെച്ച് ഒക്ടോബര്‍ 19 നും മാനഭംഗത്തിനിരയായി. പിറ്റേദിവസം ഒക്ടോബര്‍ 20ന് പെണ്‍കുട്ടി സംഭവം ക്ലാസ് ടീച്ചറെയും ലൈംഗിക ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിശാഖ കമ്മിറ്റിയെയും അറിയിച്ചു. എന്നാല്‍ അധ്യാപിക പരാതിയെ ഗൗരവപൂര്‍വമെടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുവും റൂംമേറ്റും പറയുന്നു. ആറു മണിക്കൂറോളം കാത്തുനിന്നശേഷം അധ്യാപികയുടെ ഭാഗത്തുനിന്നോ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നോ ഒരു വാക്കോ എന്തെങ്കിലും നടപടിയോ ഉണ്ടായില്ല. ഇതേസമയം അവിനാശ് ശേഖേ എന്ന ഒരാള്‍ (ഇയാള്‍ പെണ്‍കുട്ടിയുടെ കോളേജില്‍ പഠിക്കുന്നയാളല്ല) പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊടുക്കുയും അയാള്‍ പറയുന്ന സ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ലോണികന്ദ് പൊലീസ് സ്റ്റേഷനിലെത്തി മൂന്നു പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയായിരുന്നു.
മൂന്നുപേരെയും അറ്‌സറ്റു ചെയ്ത പൊലീസ് കരന്‍ ഗുജേ, മഹേഷ് കോര്‍ഡേ എന്നിവര്‍ക്കെതിരെ ഐപിസി 376 വകുപ്പുപ്രകാരം ബലാത്സംഗത്തിനും അവിനാശ് ശേഖേയ്‌ക്കെതിരെ ഐപിസി 345 ഡി വകുപ്പുപ്രകാരവും കേസെടുത്തു.