പൃഥ്വിരാജിന്റെ സമീപകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രമേയവും ആയി അയ്യപ്പനും കോശിയും ഫെബ്രുവരി 7 നു തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അനാർക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി പൃഥ്വിരാജ് ബിജു മേനോൻ എന്നിവർ ഒന്നിക്കുന്ന ചിത്രം ഒരു കോമഡി ത്രില്ലെർ ആണ്.
അയ്യപ്പനും കോശിയും എന്ന സിനിമയുടെ ട്രൈലെർ റിലീസ് ചെയ്തുകൊണ്ടാണ് ഷൈലോക്ക് തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്.
ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിൻറ്റെ ബാന്നറിൽ രഞ്ജിത്തും പി.എം ശശിധരനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുധീപ് ഇളമൺ ആണ്. സച്ചി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ ലൊക്കേഷൻ പാലക്കാടും അട്ടപ്പാടിയുമാണ്. 16 വർഷത്തെ സർവീസിന് ശേഷം പട്ടാളത്തിൽ നിന്ന് ഹവിൽദാർ റാങ്കിൽ വിരമിച്ചു നാട്ടിൽ എത്തുന്ന കോശി നാട്ടിലെ പോലീസ് സ്റ്റേഷൻ എസ്.ഐ. അയ്യപ്പൻ നായരുമായുണ്ടാകുന്ന ഒരു നിയമ പ്രശ്നമാണ് ചിത്രത്തിന്റെ പ്രമേയം. കോശിയുടെ കഥാപാത്രത്തെ പൃഥ്വി രാജ് ഉം അയ്യപ്പൻ നായരെ ബിജു മേനോൻ ഉം ആണ് അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രേക്ഷക സ്വീകരണം ഏറ്റു വാങ്ങി. അന്ന രാജൻ, രഞ്ജിത്ത്, ജോണി ആന്റണി, അനിൽ നെടുമങ്ങാട്, സാബുമോൻ, ഷാജു ശ്രീധർ, കോട്ടയം രമേശ്, അജി ജോൺ,നന്ദു ആനന്ദ്,ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.