സ്റ്റാര്‍ട്ടപ്പുകള്‍ ലോകം കീഴടക്കട്ടെ ബ്രിങ്കിനൊപ്പം

By Sukesh Das, Head – Business News

From the interview with Mikhail Zenchenkov, Head Of Programs at Brinc

നിങ്ങള്‍ ഒരു പുതിയ ഹാര്‍ഡ്വെയര്‍ പ്രോഡക്ട് വിപണിയിലിറക്കി ബിസിനസ്സ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണോ? എങ്കില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ബ്രിങ്ക് ആക്‌സിലറേറ്ററിനു നിങ്ങളെ ഈ വിഷയത്തില്‍ സഹായിക്കാന്‍ കഴിയും. ഐ.ഓ.ടി – ഹാര്‍ഡ്വെയര്‍ മേഖലകളിലുള്ള സ്സ്റ്റാര്‍ട്ടപ്പുകളെയാണ് ബ്രിങ്ക് സഹായിക്കുന്നത്. ബ്രിങ്കുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ കുറഞ്ഞപക്ഷം പ്രൊഡക്ടിന്റെ ഒരു വര്‍ക്കിംഗ് പ്രോട്ടോടൈപ്പ് എങ്കിലും നിങ്ങളുടെപക്കല്‍ ഉണ്ടായിരിക്കണം.

തങ്ങളുടെ സഹകരണം ആവശ്യമുള്ള സ്റ്റാര്‍ട്ടപ്പുകളെ വിപണിയുടെ മുന്‍നിരയിലേയ്ക്ക് എത്തിക്കുന്നതിനായി ബ്രിങ്ക് തങ്ങളുടെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. മൂന്നു മാസം ദൈര്‍ഘ്യമുള്ളതാണ് ആദ്യത്തെ ഘട്ടം. ഈ കാലയളവില്‍  സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ പ്രൊഡക്ടിന്റെ പ്രോട്ടോടൈപ്പ് അന്തിമമാക്കുകയും, കസ്റ്റമേഴ്‌സിനെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഇതിനു വേണ്ട എല്ലാ സഹായങ്ങളും ബ്രിങ്ക് ഒരുക്കുന്നു. പ്രോഡക്റ്റ് നിര്‍മിക്കുന്നതിന് നിര്‍മാതാക്കള്‍ക്ക് ആവശ്യമായ കരാര്‍ ഉണ്ടാക്കുന്നതും, അത്തരം നിര്‍മാതാക്കളെ കണ്ടെത്തുന്നതും ഈ ഘട്ടത്തിന്റെ ഭാഗമാണ്. ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വികസിപ്പിക്കുന്നതിനായി ബ്രിങ്ക് ഫണ്ട്  നല്‍കി തുടങ്ങും. നാല്പതിനായിരം ഡോളറാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കത്തില്‍ ലഭിക്കുക.  ഇതുകൂടാതെ ഒരു സ്റ്റാര്‍ട്ടപ്പിന്റെ മാര്‍ക്കറ്റിംഗ് ആന്റ് സ്ട്രാറ്റജി, സാമ്പത്തികം, സാങ്കേതികത മുതലായ കാര്യങ്ങളില്‍ വിദഗ്ധരില്‍ നിന്ന് പരിശീലനവും ലഭിക്കും.

ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുക. ഈ ഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ ബ്രിങ്ക് ചൈനയിലേക്ക് ക്ഷണിക്കും. അവിടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഹാര്‍ഡ്വെയര്‍ പ്രോഡക്റ്റ് നിര്‍മാതാക്കളെ പരിചയപെടുത്തുന്നതിനും, പ്രൊഡക്ടിന്റെ നിര്‍മാണത്തിനുള്ള കരാര്‍ നല്‍കുന്നതിനുംമറ്റും ബ്രിങ്കിന്റെ വിദഗ്ദ്ധര്‍ നിങ്ങളെ സഹായിക്കും.

മൂന്നാമത്തെ ഘട്ടമാണ് പ്രൊഡക്ഷന്‍. മൂന്നാമത്തെ ഘട്ടം കഴിയുമ്പോള്‍ പ്രോഡക്റ്റ് നിര്‍മ്മാണം പൂര്‍ത്തിയായി കസ്റ്റമേഴ്‌സിന് കൈമാറാനുള്ള സാഹചര്യമൊരുങ്ങും. ഈ മുന്ന് ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ഏകദേശം രണ്ടര ലക്ഷം ഡോളറാണ് ബ്രിങ്ക് നിക്ഷേപിക്കുന്നത്.

ലോകത്തിന്റെ പല രാജ്യങ്ങളിലായി ബ്രിങ്കിനു ഓഫീസുകളുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കു അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവയ്ക്കുന്നതിനുള്ള മികച്ച അവസരമാണ് ബ്രിങ്ക് ഒരുക്കുന്നത്. കേരളത്തില്‍ വികസിപ്പിച്ചെടുക്കുന്ന പല  ടെക്‌നോളോജികളും അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിവുള്ളതാണ്. ബ്രിങ്ക് ഒരുക്കുന്ന അന്താരാഷ്ട്ര നിക്ഷേപകരുടെ വലിയ നെറ്റ്വര്‍ക്കിലൂടെ തങ്ങളുടെ സ്റ്റാര്‍ടപ്പുകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനുള്ള ഒരു വലിയ അവസരമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുറന്നു കൊടുക്കുന്നത്. ഒരു വര്‍ഷം ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്തു സ്റ്റാര്‍ട്ടപ്പുകള്‍ക്കെ ഈ ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമാകാന്‍ സാധിക്കുകയുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.

നിക്ഷേപകരെ ആകര്‍ഷിക്കാനായി എങ്ങിനെ തങ്ങളുടെ പ്രൊഡക്ടിനെ അവതരിപ്പിക്കണം എന്നത് ഏതൊരു സംരംഭകനും നേരിടുന്ന വെല്ലുവിളിയാണ്. അത്തരം കാര്യങ്ങളില്‍ ബ്രിങ്ക് നല്‍കുന്ന പരിശീലനം വളരെ ഉപകാരപ്രദമാണെന്ന് ബ്രിങ്ക് ആക്‌സിലറേറ്റർ പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ട നവ ഡിസൈന്‍ & ഇന്നോവേഷന്റെ സ്ഥാപകനായ ചാള്‍സ് വിജയ് വര്‍ഗീസ് പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേരള ഗവണ്‍മെന്റും, സ്റ്റാര്‍ട്ടപ്പ് മിഷനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് ബ്രിങ്കിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായ മൈക്കൽ അഭിപ്രായപ്പെട്ടു.

ബ്രിങ്കിന്റെ ഹാര്‍ഡ്വെയര്‍ – ഐ.ഓ.ടി ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക – https://www.brinc.io/accelerators/hardware-india