പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; ബാലക്ഷേമസമിതി കേസെടുത്തു

തിരുവനന്തപുരം: പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും വീഴ്ചയുണ്ടായെന്നും സമിതി കണ്ടെത്തി.

സര്‍വജന വിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്‍(10) ക്ലാസ്മുറിക്കുള്ളിലെ മാളത്തില്‍നിന്നു പാമ്പിന്റെ കടിയേറ്റു മരിക്കാന്‍ കാരണമായത് വിദ്യാലയ അധികൃതരുടെ അനാസ്ഥയായിരുന്നു. പാമ്പ് കടിച്ചതാണെന്ന സംശയം സഹപാഠികള്‍ അറിയിച്ചിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ വൈകി. കുട്ടിയുടെ പിതാവെത്തിയതിനുശേഷമാണ് ഷഹലയെ ആശുപത്രിയില്‍ കൊണ്ടുപോയത്. പുത്തന്‍കുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ നൊട്ടന്‍വീട്ടില്‍ അബ്ദുള്‍ അസീസിന്റെയും ഷജ്‌നയുടെയും മകളാണ് ഷഹല ഷെറിന്‍.