ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളത് രാജ്യത്തെ പത്ത് ഏജന്‍സികള്‍ക്ക് മാത്രം

ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്താന്‍ രാജ്യത്തെ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ അടക്കമുള്ള ഏജന്‍സികള്‍ക്കാണ് ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളത്. എന്നാല്‍, രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമെ ഈ അധികാരം സര്‍ക്കാര്‍ പ്രയോഗിക്കൂ. ഏതെങ്കിലും വ്യക്തിയുടെ ഫോണ്‍ നിരീക്ഷണ വിധേയമാക്കുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധനയുമുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡിയാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.

പത്ത് ഏജന്‍സികളെയാണ് ഫോണ്‍ ചോര്‍ത്താന്‍ അധികാരപ്പെടുത്തിയിട്ടുള്ളത്. ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, എന്‍ഐഎ, റോ, ഡയറക്റ്ററേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റിലിജന്‍സ്, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് മാത്രമാണ് ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

2000ലെ ഐടി ആക്റ്റിന്റെ 69-ാം വകുപ്പ് പ്രകാരം ഇന്റര്‍നെറ്റിലൂടെ കൈമാറുന്നതോ കംപ്യൂട്ടറുകളില്‍ സൂക്ഷിച്ചിട്ടുള്ളതോ ആയ ഏതുവിവരവും രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനുവേണ്ടി നിരീക്ഷണ വിധേയമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്നും മന്ത്രി കിഷന്‍ റെഡി പറഞ്ഞു. വാട്‌സാപ്പ് വിവര ചോര്‍ച്ച സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ ലോക്‌സഭയെ അറിയിച്ചത്.