മലപ്പുറം: കളിക്കാന്‍ ഫുട്ബോളും ജേഴ്സിയും വാങ്ങാനായി നടത്തിയ ഒരു ‘കുട്ടിക്കൂട്ട’ത്തിന്റെ വീഡിയോയ്ക്കു പിന്നാലെയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍. സാമൂഹികപ്രവര്ത്തകന് സുശാന്ത് നിലമ്പൂര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച ലൈവ് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു കൂട്ടം കുട്ടികള്‍ മീറ്റിങ് കൂടി ഫുട്ബോള്‍ വാങ്ങാനുള്ള പൈസ കണ്ടെത്തുന്നതും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ കളിക്കാരെ അഭിനന്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. തെങ്ങിന്റെ മടല് കുത്തിനിര്‍ത്തി അതിന്റെ മുകളില്‍ ഒരു കമ്പു വച്ച് മൈക്ക് സ്റ്റാന്‍ഡ് ഉണ്ടാക്കി, പ്ലാസ്റ്റിക് കവര്‍ കീറി പൊന്നാടയാക്കിയാണ് കുട്ടിപ്പട്ടാളം മീറ്റിങ് സംഘടിപ്പിച്ചത്.
അടുത്ത ഞായറാഴ്ച്ച ഓണ്‍ലൈന്‍ ആയി ഫുട്ബോള്‍ ഓര്‍ഡര്‍ ചെയ്യുമെന്നും ആ ഒരാഴ്ച്ച മിഠായി വാങ്ങാതെ പൈസ കൂട്ടിവച്ച് ഫുട്ബോള്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നുമാണ് മീറ്റിങ്ങിലെടുത്ത തീരുമാനം. മികച്ച രീതിയില്‍ സംഘടിപ്പിച്ച ഈ കുട്ടിക്കൂട്ടത്തിനെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.