സവാള വിലയ്ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രം; ഇനി ഇറക്കുമതിയിലേക്ക്

ന്യൂഡല്‍ഹി: സവാള വിലയ്ക്ക് കടിഞ്ഞാണിടാനുള്ള നീക്കവുമായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം. വിദേശത്തു നിന്ന് സവാള ഇറക്കുമതി ചെയ്യാന്‍ ഉപഭോക്തൃ മന്ത്രാലയത്തിന്റെ കീഴില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാനാണ് തീരുമാനം. വ്യാപാരികള്‍ക്ക് ഉടന്‍ ഇറക്കുമതി അനുമതി നല്‍കുമെന്നും നവംബര്‍ അവസാനത്തോടെ സവാള വില കുറയുമെന്നും യോഗത്തിനു ശേഷം കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു.

രാജ്യത്ത് മഴക്കെടുതി മൂലം സവാള ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെ സവാള വില കിലോയ്ക്ക് നൂറു രൂപയില്‍ കൂടുതലായി ഉയര്‍ന്നു. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ സവാള വില 80 രൂപയിലെത്തിയപ്പോള്‍ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു ശേഷം ചെറിയ തോതില്‍ വില കുറഞ്ഞെങ്കിലും ഒക്ടോബര്‍ അവസാനത്തോടെ 100 രൂപയോളമാവുകയായിരുന്നു.