എണ്ണവില ഉയരുന്നു; ഗള്‍ഫ് മേഖല പ്രതീക്ഷയില്‍

റിയാദ്: ആഗോള വിപണിയില്‍ എണ്ണ വില വര്‍ദ്ധന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതീക്ഷ. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറച്ച് നിരക്ക് വര്‍ദ്ധനക്ക് സാഹചര്യം ഒരുക്കാനുളള ഒപെക് നീക്കം ഫലം കാണുന്നതിന്റെ സൂചനയായാണ് വിപണിയിലെ ഉണര്‍വ് എന്ന് വിലയിരുത്തുന്നു.കൂടാതെ ഡോളര്‍ ദുര്‍ബലമായതും എണ്ണ വില വര്‍ദ്ധിക്കാന്‍ കാരണമായതായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ബാരലിന് ഇന്നലത്തെ വില 50 ഡോളറിന് തൊട്ടടുത്താണ്. എണ്ണ ഉല്‍പ്പാദക , കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഈ മാസം 30 ന് വിയന്നയില്‍ ചേരുന്ന യോഗത്തില്‍ എണ്ണ ഉല്‍പ്പാദനം കുറക്കുന്നത് സംബന്ധിച്ചുളള അന്തിമ കരാറില്‍ ഒപ്പുവെക്കാനുളള തയാറെടുപ്പിലാണ് .ഇപ്പോള്‍ പ്രതിദിനം 33.64 ദശലക്ഷം ബാരലാണ് ഒപെക് ഉല്‍പ്പാദനം.ഇത് 32.5 ആയി കുറക്കുന്നതിനാണ് 12 അംഗ ഒപെക് രാജ്യങ്ങള്‍ക്കിടയിലെ അനൗദ്യോഗിക ധാരണ.
അധികം വൈകാതെ എണ്ണ വില 60 ഡോളറായി ഉയരുമെന്നുളള പ്രതീക്ഷയിലാണ്. എണ്ണ വില ഇപ്പോള്‍ ഒകേ്ടാബര്‍ മാസം മുതലുളള ഏറ്റവും ഉയര്‍ന്ന നിലയിലാണ് .ആഗോള എണ്ണ വിപണിയിലെ വില വര്‍ദ്ധന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.സന്തുലിത നിയന്ത്രണത്തിലൂടെ വിപണി ക്രമീകരിക്കാനാണ് ലക്ഷ്യം വെക്കുന്നതെന്ന് സൗദി ഊര്‍ജമന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി.
എണ്ണ വിലയിടിവിനെ തുടര്‍ന്ന്  ഗള്‍ഫ് മേഖലയിലെ തൊഴില്‍ പ്രതിസന്ധിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുളള നിരവധി വിദേശികള്‍ക്ക്  തൊഴില്‍ നഷ്ടമായി. ഗള്‍ഫ് രാജ്യങ്ങളില്‍ നൂറുകണക്കിന് വിദേശികള്‍ക്ക് കമ്പനികളില്‍ ജോലി ഇല്ലാത്തതിനെ തുടര്‍ന്ന് പിരിച്ചു വീടില്‍  നോട്ടീസും ലഭിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായ എണ്ണ വില വര്‍ദ്ധനവ് ഗള്‍ഫില്‍ ജോലി  ചെയ്യുന്ന  മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികള്‍ക്കും  ഗുണമാകും.