കൊച്ചിയില്‍ ഏതു നിമിഷവും തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്, ഹോംസ്‌റ്റേകളും ഹോട്ടലുകളും അരിച്ചുപെറുക്കി പോലീസ്

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സുരക്ഷാ മുന്നറിയിപ്പ്. ഹോംസ്‌റ്റേകളും ഹോട്ടലുകളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. റിപ്പോര്‍ട്ട് നല്‍കാത്ത ഹോംസ്‌റ്റേകളിലും റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. ലങ്കയില്‍ ആക്രമണം നടത്തിയ ഭീകരരുടെ അടുത്തലക്ഷ്യം കേരളമായിരിക്കാമെന്ന തരത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് കിട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആശയപ്രചാരണത്തില്‍ സജീവമായിരുന്നു.

ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന്റെ രീതിയില്‍ ഇതിനു മുമ്പ് കേരളത്തിലും ചാവേറാക്രമണത്തിനു പദ്ധതിയിട്ടെന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ മൊഴി. കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരാണ് ഇതിനു പ്രേരണ നല്‍കിയത്. സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ ഇവര്‍ നിര്‍ദേശിച്ചിരുന്നുവെന്നും റിയാസ് ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയതായി എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു

ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി കാസര്‍കോട്ടും പാലക്കാട്ടും അന്വേഷണം നടത്തിയിരുന്നു. കേരളത്തില്‍നിന്ന് ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ പോയവരുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മലയാളി യുവാക്കളെ ഐഎസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയ സംഘത്തിലെ പ്രധാനികളുമായി റിയാസ് നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.

ശ്രീലങ്കയിലെ ചാവേര്‍ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന സഹ്രാന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പിന്തുടരുന്നയാളാണ് റിയാസെന്ന് പരിശോധനയില്‍ വ്യക്തമായി. സഹ്രാന്‍ ഹാഷിമുമായി ബന്ധപ്പെട്ട സിഡികളും ലഘുലേഖകളും റിയാസിന്റെ പക്കല്‍നിന്ന് എന്‍ഐഎ കണ്ടെടുത്തു. എന്നാല്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളുമായി പ്രതിക്കു നേരിട്ടു ബന്ധമില്ലെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. 2015 മുതല്‍ കേരളത്തില്‍നിന്ന് യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് 2016ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിചേര്‍ത്താണ് റിയാസിനെ അറസ്റ്റ് ചെയ്തത്.

കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്, കളിയങ്ങോട് സ്വദേശി അഹമ്മദ് അറാഫത്ത് എന്നിവരെയും എന്‍ഐഎ സംഘം ചോദ്യം ചെയ്തു. സഹ്രാന്‍ ഹാഷിമിന്റെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കേരളത്തില്‍ ഐഎസ് ബന്ധമുള്ളവരെ ലക്ഷ്യമിട്ട് പരിശോധനകള്‍ തുടരാനാണ് എന്‍ഐഎയുടെ നീക്കം.