ന്യൂഡല്‍ഹി : സുരേഷ് കല്ലട ട്രാവല്‍സിന്റെ ബംഗുളൂരു സര്‍വീസിനിടെ യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരള-ബംഗുളൂര്‍ റൂട്ടില്‍ പുതിയൊരു ട്രെയിന് അനുമതി ലഭിക്കാനുള്ള സാധ്യത ഏറുന്നു. കേരളത്തില്‍ നിന്നും ബെംഗളൂരിവലേക്ക് ഒരു പ്രതിവാര ട്രെയിന്‍ കൂടി അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചതായാണ് വിവരം.
കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് കൂടുതല്‍ പ്രതിദിന ട്രെയിനുകള്‍ വേണമെന്ന് കേരളം ശക്തിയായി വാദിച്ചുവെങ്കിലും ഇത് റെയില്‍വേ അംഗീകരിച്ചില്ലെന്നാണ് സൂചന. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് മെംബര്‍ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ ട്രെയിന്‍ ലഭിക്കാനുള്ള വഴി തുറന്നത്.
അതേസമയം, നിലവിലെ സാഹചര്യം പരിഗണിച്ച് ബെംഗളൂരുവിലേക്ക് ഒരു പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ അടിയന്തരമായി അനുവദിക്കാം എന്ന നിലപാട് റെയില്‍വേ എടുത്തതായി ജ്യോതിലാല്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്.