ഉപഭോക്താക്കളെ ആകർഷിക്കുന്ന പുതിയ പ്രൊഡക്ടുകളുമായി ആപ്പിൾ രംഗത്ത് എത്തിയിരിക്കുകയാണ്. ആപ്പിൾ ടിവി+, ആപ്പിൾ ന്യൂസ്+, ആപ്പിൾ ആര്‍ക്കെയ്ഡ്, ആപ്പിൾ ക്രെഡിറ്റ് കാർഡ് എന്നിവയാണ് പുതിയ പ്രൊഡക്ടുകൾ.
ആപ്പിൾ ടിവി+
ആപ്പിൾ ടിവി+ൽ സ്വന്തമായി കണ്ടൻറ് നിര്‍മിക്കാനാണ് കമ്പനി പദ്ധതി. ഇത് ഒരു സബ്സ്ക്രിപ്ഷന് സര്‍വീസ് ആയിരിക്കും. ആപ്പിള്‍ ടിവി പ്ലസ് എന്ന പേരിലായിരിക്കും ലഭ്യമാക്കുക. നെറ്റ്ഫ്ലിക്സ് തുടങ്ങിയ സ്ട്രീമിങ് സേവനദാതാക്കള്‍ ചെയ്യുന്നതു പോലെയായിരിക്കും പ്രവർത്തനരീതി.
ആപ്പിളിന് ഒപ്പം സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ്, ജെ.ജെ. എബ്രാംസ്, സോഫിയ കോപോള തുടങ്ങിയ താരങ്ങളും ഒന്നിക്കുന്നു. ഇവരാണ് ആപ്പിള്‍ ടിവിക്കായി മറ്റെങ്ങും ലഭിക്കാത്ത കണ്ടന്റ് ഉണ്ടാക്കുന്നതുനു നേതൃത്വം നല്‍കുന്നത്. ആപ്പിളിന്റെ മറ്റു സബ്സ്ക്രിപ്ഷന് സേനവങ്ങള്‍ പോലെ ഇവയും ഓണ്‍ലൈനായും ഓഫ്ലൈനായും ആപ്പിള്‍ ടിവി ആപ്പിലൂടെ കാണാവുന്നതാണ്. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് സംവിധാനം ചെയ്ത അമെയ്സിങ് സ്റ്റോറീസ് എന്ന സയന്‍സ് ഫിക്ഷന്‍ സിരീസ്, സ്റ്റീവൻ നൈറ്റ് ഷോ ഇവയൊക്കെ ഉൾപ്പെടുത്തും. ഓപറാ വിൻഫ്രെയും ആപ്പിള്‍ ടിവി പ്ലസില്‍ എത്തും.
ടിം കുക്ക് – ആപ്പിൾ സി.ഇ.ഒ
ആപ്പിൾ ന്യൂസ്+
ഇപ്പോള്‍ ചില രാജ്യങ്ങളില്‍ ലഭ്യമാകുന്ന ആപ്പിള്‍ ന്യൂസിന്റെ വികസിപ്പിച്ച പതിപ്പാണ് ന്യൂസ് പ്ലസ്. ഉപയോക്താക്കള്‍ക്കു വേണ്ട മാഗസിനുകളെല്ലാം ഒറ്റ സബ്സ്ക്രിപ്ഷനില്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ലോകനിലവാരത്തിലുള്ള മൂന്നൂറിലേറെ മാഗസിനുകളാണ് പ്രതിമാസം ഏകദേശം 10 ഡോളര്‍ നല്കിയാല് ലഭിക്കുന്നത്. നാഷണല്‍ ജ്യോഗ്രഫിക്, ദി ന്യൂയോര്‍ക്കര്‍, പോപ്പുലര്‍ സയന്‍സ്, വയെഡ് തുടങ്ങിയ മാഗസിനുകളും ലോസ് ആഞ്ജൽസ് ടൈംസ്, ദി വോള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങിയ പത്രങ്ങളുമടക്കം മുന്നൂറിലേറെ പ്രസിദ്ധീകരണങ്ങളാണ് തുടക്കത്തിൽ ലഭ്യമാകുന്നത്. വാര്‍ത്തകള്‍ ഐഫോണിന്റെ സ്ക്രീനില്‍ പ്രയാസമില്ലാതെ വായിക്കാന്‍ പാകത്തിനാണ് ഫോർമാറ്റ് ചെയ്തിരിക്കുന്നത്. ആപ്പിൾ ന്യൂസ്+ ഇപ്പോൾ അമേരിക്കയിൽ ലഭ്യയാമായി തുടങ്ങി.
ആപ്പിൾ ആര്‍ക്കെയ്ഡ്
പ്രീമിയം ഗെയിമുകളുടെ സബ്സ്ക്രിഷന് പാക്കേജിനെയാണ് ആപ്പിള്‍ ആര്‍ക്കെയ്ഡ് എന്നു വിളിക്കുന്നത്. ഏത് ആപ്പിള്‍ ഉപകരണത്തിലും ഇങ്ങനെ സബ്സ്ക്രൈബ് ചെയ്ത ഗെയിമുകള്‍ കളിക്കാം. ഐഫോണില്‍ തുടങ്ങിയ ഗെയിം ഐപാഡിലോ ആപ്പിള്‍ ടിവിയിലോ തുടരാം. പുതിയ ഗെയിം സൃഷ്ടാക്കളെയും ആപ്പിൾ പ്രോത്സാഹിപ്പിക്കും. ഇത് ആദ്യമായി അമേരിക്കയിൽ ആണ് ലഭ്യമാകുക. നൽകേണ്ട തുക തീരുമാനിച്ചിട്ടില്ല.
ആപ്പിൾ കാർഡ്
മാസവരിയടയ്ക്കാന് പുതിയ ഒരു രീതി. അതിനാണ് ആപ്പിളിന്റെ സ്വന്തം ക്രെഡിറ്റ് കാര്‍ഡ്. താമസിച്ചു തുക അടച്ചാൽ പിഴ ഉണ്ടായിരിക്കില്ല, വാര്‍ഷിക നിക്ഷേപം ആവശ്യമില്ല, ലോകത്തു എല്ലായിടത്തും സ്വീകാര്യമായിരിക്കും. ഐമെസെജിലൂടെ ആയിരിക്കും കസ്റ്റമര്‍ സപ്പോര്‍ട്ട് ലഭിക്കുന്നത്. കാർഡ് ടൈറ്റാനിയം നിർമ്മിതമാണ്. ഈ സേവനം ഫോണിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കും. ആപ്പിള്‍ പേ പോലെ ഇതും ഉപയോഗിക്കാം. ആപ്പിള്‍ കാര്‍ഡിലൂടെ എന്തെങ്കിലും വാങ്ങുമ്പോള്‍ കിഴിവും അപ്പോള്‍ തന്നെ ലഭ്യമാണ്. ഡെയ്ലി ക്യാഷ് എന്ന ഫീച്ചറിലൂടെ ഈ കിഴിവുകള്‍ അപ്പോൾ തിരിച്ചു കിട്ടും. ടച് ഐഡി അല്ലെങ്കില്‍ ഫെയ്സ്ഐഡി ആയിരിക്കും നിങ്ങളാണ് പൈസ ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തുന്നത്. നിങ്ങള്‍ എന്തൊക്കെ വാങ്ങി എന്നതിനെക്കുറിച്ച് ഇത്തരം സേവനം നല്കുന്നവര്ക്കെല്ലാം അറിയാമെങ്കിലും, ആപ്പിള്‍ നല്കുന്ന ഉറപ്പ് തങ്ങള്‍ ഈ വിവരങ്ങള്‍ മറ്റാര്‍ക്കും നല്‍കില്ല എന്നാണ്. അമേരിക്കയിൽ ആണ് തുടക്കത്തിൽ ഈ സേവനം ലഭ്യമാകുക.