പെരിയയിലെ ഇരട്ടക്കൊലപാതകം ഹീനകൃത്യമെന്ന് മുഖ്യമന്ത്രി ; ഇരകളുടെ വീട് സന്ദര്‍ശിച്ചില്ല ; വേദനാജനകമെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍

കാസര്‍ഗോഡ്: പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തെ ഒരു തരത്തിലും ന്യായീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ കാര്യങ്ങളെ പാര്‍ട്ടി ഏറ്റെടുക്കില്ലെന്നതിന്റെ സൂചനയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. അതോടൊപ്പം തന്നെ സിപിഎമ്മിനെതിരായ അക്രമങ്ങളെയും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരിയ കൊലപാതകത്തില്‍ പ്രതികള്‍ക്ക് യാതൊരു പരിരക്ഷയും സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയില്ല. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെയും സിപിഎമ്മിനെയും അപകീര്‍ത്തി പ്പെടുത്താന്‍ കിട്ടിയ അവസരമാണ് കാസര്‍ഗോഡ് നടന്ന കൊലപാതകം. ഹീനമായ കുറ്റകൃത്യത്തിന് ശക്തമായ നടപടി തന്നെ സര്‍ക്കാര്‍ എടുക്കും. പോലീസിന് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് തന്നെ സിപിഎമ്മും ഇടതുപക്ഷവും ഏറ്റവും കൂടുതല്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണ്. സിപിഎമ്മിനെ ആക്രമിക്കുന്നവര്‍ ഇടതുപക്ഷത്തിന് നേരെയാണ് ആക്രമണം നടത്തുന്നത്. സിപിഎം കരുത്തുറ്റതായാല്‍ ഇടതുപക്ഷവും കരുത്തുറ്റതാകുമെന്ന് പ്രതിലോമ ശക്തികള്‍ ഭയക്കുന്നുണ്ട്. തൃപുരയിലും മറ്റും സിപിഎമ്മിനെ തകര്‍ക്കാന്‍ കൂട്ടു നിന്നവരാണ് കോണ്‍സ്ര് കടുത്ത വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന ആര്‍എസ്എസിനെ പോലും വെല്ലും വിധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം കാസര്‍ഗോഡ് ജില്ലാക്കമ്മറ്റി ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പക്ഷേ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട് സന്ദര്‍ശിച്ചില്ല. സന്ദര്‍ശിക്കുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നതാണ്. ഇക്കാര്യത്തില്‍ സിപിഎം ജില്ലാക്കമ്മറ്റി ഡിസിസിയുമായി ബന്ധപ്പെട്ടതായും വാര്‍ത്തയുണ്ടായിരുന്നു. വേദനാജനകം എന്നായിരുന്നു മുഖ്യമന്ത്രി സന്ദര്‍ശനം ഒഴിവാക്കിയ നടപടിയെ കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ വിശേഷിപ്പിച്ചത്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.