ആശുപത്രിയില്‍ നിന്ന് വീല്‍ചെയര്‍ നല്‍കിയില്ല; തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവിനെ ഭാര്യ തറയിലൂടെ വലിച്ചു കൊണ്ടു പോയി

    അനന്തപൂര്‍: ആശുപത്രി അധികൃതര്‍ വീല്‍ചെയര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയെ ഭാര്യയ്ക്ക് തറയിലൂടെ വലിച്ചു കൊണ്ടു പോകേണ്ടി വന്നു. ശരീരം പാതിതളര്‍ന്ന ശ്രീനിവാസ ആചാരി എന്നയാള്‍ക്കും ഭാര്യ ശിവാനിക്കുമാണ് ഈ ദുര്‍ഗതി ഉണ്ടായത്. തളര്‍ന്ന് കിടപ്പിലായ ആചാരിയുടെ കാലുകള്‍ വ്രണം വന്ന് ദ്രവിച്ച അവസ്ഥയിലാണ്.

    മുകളിലെ മുറിയിലുള്ള ഡോക്ടറെ കാണിക്കാന്‍ ആശുപത്രിക്കാര്‍ സ്‌ട്രെച്ചറോ, വീല്‍ചെയറോ കൊടുക്കാന്‍ തയ്യാറാകാത്തതിനാലാണ് ശിവാനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. ഇത്രയും ദൂരം രോഗിയെ വലിച്ചു കൊണ്ടു പോകുന്നത് കണ്ടിട്ടും ഇവരെ സഹായിക്കാന്‍ പോലും ആരും എത്തുന്നില്ലെന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ആശുപത്രിയില്‍ രണ്ട് വീല്‍ചെയറുകളും ഒരു സ്‌ട്രെച്ചറുമാണുള്ളതെന്നും അവ മുകളിലെ മുറിയിലാണെന്നും റിസ്പഷനിലെത്തുമ്പോള്‍ നല്‍കാം എന്നും ശിവാനിയോട് പറഞ്ഞതായാണ് ആശുപത്രിയുടെ വിശദീകരണം.

    അതേസമയം, ഇത്രയും നാള്‍ ചികിത്സയ്‌ക്കെത്തിയിട്ടും ഒരിക്കല്‍ പോലും വീല്‍ചെയര്‍ നല്‍കിയിട്ടില്ല ഭര്‍ത്താവിനെ മുകളിലെത്തിക്കാന്‍ എനിക്ക് മറ്റ് മാര്‍ഗ്ഗവുമില്ലെന്ന് ശിവാനി പറയുന്നു.