കൂടുതല്‍ ഉപയോഗിച്ചാല്‍ നിരക്ക് കുറയും ; പുതിയ വൈദ്യുതി നിരക്ക് നിയമം വരുന്നു

    ന്യൂഡല്‍ഹി : കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് കുറയുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഗാര്‍ഹിക ഉപഭോക്താക്കളെക്കാള്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. വൈദ്യുതി നിരക്ക് കുറയുന്നത് ഈ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്നാണ് സൂചന. നിരക്ക് പാറ്റേണ്‍ സുഗമമാക്കി ബില്ലിങ്ങില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ഉപഭോക്താക്കളെ രണ്ടും മൂന്നും വിഭാഗമായി തരംതരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. വിഷയത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

    വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ഊര്‍ജ്ജ മന്ത്രാലയ അധികൃതരും ഉള്‍പ്പെട്ട സമിതി ഈ മാസം മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും.

    നിലവിലെ വൈദ്യുതി നിരക്ക് നിയമം സ്വതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ളതാണ്. ഈ നയത്തില്‍ ഇനിയും മാറ്റം വരുത്തിയിട്ടില്ല. നിലവിലെ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും വൈദ്യുതി നിരക്കില്‍ വലിയ കുറവുണ്ടാകും.