കൊടിഞ്ഞി ഗ്രാമത്തിൽ ഇരട്ടക്കുട്ടികളിലധികവും മാസം തികയുംമുൻപേ ജനിച്ചവരും വൈകിമാത്രം മുലപ്പാൽകിട്ടിയവരും എന്ന് പഠന റിപ്പോർട്ട്

മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമത്തിൽ ഇരട്ടക്കുട്ടികളിലധികവും മാസം തികയുംമുൻപേ ജനിച്ചവരും വൈകിമാത്രം മുലപ്പാൽകിട്ടിയവരും എന്ന് പഠന റിപ്പോർട്ട്. ഭോപാൽ, ഭുവനേശ്വർ എയിംസുകളിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. കേംബ്രിജ് യൂണിവേഴ്‌സിറ്റി പ്രസിന്റെ ഭാഗമായ ‘ട്വിൻ റിസർച്ച് ആൻഡ് ഹ്യൂമൺ ജനിറ്റിക്‌സ്’ എന്ന ജേണലിലാണ് കഴിഞ്ഞ ഒക്ടോബറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. കൊടിഞ്ഞിയിലെ ഇരട്ടക്കുട്ടികളുടെ മുലയൂട്ടൽരീതിയെക്കുറിച്ചാണ് എയിംസിലെ ഗവേഷകർ പഠനം നടത്തിയത്. ഇരട്ടക്കുട്ടികൾക്ക് പരമാവധി മുലപ്പാൽ ലഭ്യമാകുന്നുണ്ടോ എന്നതായിരുന്നു വിഷയം. കൊടിഞ്ഞിയിലും പരിസരങ്ങളിലുമുള്ള മൂന്നുവയസ്സിനു താഴെയുള്ള ഇരട്ടക്കുട്ടികളുടെ 75 അമ്മമാരെയാണ് പഠനത്തിനായി ഗവേഷകർ സമീപിച്ചത്. ഇതിൽ 57.3 ശതമാനവും പൂർണവളർച്ചയെത്താതെ ജനിച്ച കുട്ടികളാണെന്നു ഗവേഷകർ വ്യക്തമാക്കി. ഇതിൽ 58.7 ശതമാനവും സിസേറിയൻ വഴിയാണ് പ്രസവിച്ചത്. 32.9 ശതമാനം കുട്ടികൾക്കും ജനിച്ച് 24 മണിക്കൂറിനുശേഷമേ മുലപ്പാൽ കിട്ടിയുള്ളൂ. എന്നാൽ അമ്മയിൽ ആദ്യമുണ്ടാകുന്ന പോഷകസമൃദ്ധമായ കൊളസ്ട്രം 86.7 ശതമാനം പേർക്കും ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അമ്മമാർ ശ്രദ്ധചെലുത്തിയിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടി. 3മാസം കുഞ്ഞിന് മുലപ്പാൽമാത്രം നൽകിയത് വെറും 4ശതമാനം പേർ മാത്രമാണ്. ഒരുവർഷം മുതൽ രണ്ടുവർഷം വരെയാണ് ഓരോ ഇരട്ടക്കുട്ടികളും മുലപ്പാൽ കുടിച്ചിട്ടുള്ളത്. അമ്മമാരിൽ 69.9 ശതമാനത്തിനും തലകറക്കംപോലുള്ള ശാരീരികപ്രശ്‌നങ്ങളും നേരിടുന്നുണ്ട്. പാൽ കുറവുള്ളവർ 38 ശതമാനം വരും. രണ്ടുകുഞ്ഞുങ്ങൾക്കും ഒരേസമയം മുലപ്പാൽ കൊടുക്കുന്നതിന്റെ പ്രയാസം മിക്ക അമ്മമാരും ചൂണ്ടിക്കാട്ടുന്നു.