ഹൃദ്യം പദ്ധതിയിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 24,222 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 15,686 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. ശ്രീചിത്ര ആശുപത്രിയില്‍ ഹൃദ്യം പദ്ധതിയുടെ സേവനങ്ങള്‍ പുന:രാരംഭിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ അതിനുള്ള നടപടികള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലും ഹൃദ്യം പദ്ധതിയുടെ സേവനങ്ങള്‍ അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ആരംഭിക്കുന്നതാണ് എന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി. മിംസ് ആശുപത്രി കോഴിക്കോട്, ആസ്റ്റര്‍ മെഡിസിറ്റി എന്നീ ആശുപത്രികള്‍ പദ്ധതിയില്‍ വീണ്ടും എംപാനല്‍ ചെയ്യുന്നതിനുള്ള സന്നദ്ധത ഇന്നറിയിച്ചു. ഇനിയും കുഞ്ഞുങ്ങളുടെ ഹൃദയതാളങ്ങളെ ഹൃദ്യമായി തന്നെ നാം കാത്ത് സൂക്ഷിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.