ടൈറ്റാനിക് തകര്‍ന്നത് തീപിടിച്ച്, മഞ്ഞുമലയില്‍ ഇടിച്ചല്ല; 100 വര്‍ഷം പഴക്കമുള്ള ചരിത്രത്തില്‍ തിരുത്തലുമായി ഗവേഷകര്‍…

ഒരിക്കലും മുങ്ങാന്‍ സാധ്യതയില്ലെന്ന് ലോകം വിലയിരുത്തുകയും ആദ്യ യാത്രയില്‍ തന്നെ അപകടത്തിനിരയായി കപ്പൽ ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയും ചെയ്ത ടൈറ്റാനിക്ക് മുങ്ങാനുള്ള യഥാര്‍ത്ഥ കാരണം തീപിടുത്തമെന്ന് വിദഗ്ദ്ധര്‍. ഒരു നൂറ്റാണ്ട് പിന്നിട്ട സംഭവത്തില്‍ മഞ്ഞുമലയില്‍ ഇടിച്ചതല്ല ശരിയായ കാരണമെന്നാണ് ഏറ്റവും പുതിയ കണ്ടുപിടുത്തം. യാത്ര തിരിക്കുന്നതിന് മുമ്പും അപകടത്തിനിരയായ ശേഷവുമുള്ള ഫോട്ടോഗ്രാഫുകള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തില്‍ വിശാരദന്മാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഏകദേശം 30 വര്‍ഷത്തോളം കപ്പല്‍ഛേദത്തിന്റെ വിവരങ്ങള്‍ ഗവേഷണം നടത്തുന്ന ജേര്‍ണലിസ്റ്റ് സെനാന്‍ മളോണിയുടേതാണ് കണ്ടെത്തല്‍.1912 ഏപ്രില്‍ മാസം സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ച കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് 1,500 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ചരിത്രം. അതേസമയം കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചെന്ന തത്വം ഇവര്‍ എതിര്‍ക്കുന്നില്ല. പകരം തീപിടിച്ച ശേഷമാണ് മഞ്ഞു മലയില്‍ ഇടിച്ചതെന്നും താഴേത്തട്ടില്‍ ഉണ്ടായ തീപ്പിടുത്തം ഇടിയില്‍േക്കും തകരലിലേക്കും മുങ്ങലിലേക്കും നയിക്കുകയായിരുന്നു എന്ന് പുതിയ തെളിവുകള്‍ നിരത്തിയാണ് ചൂണ്ടിക്കാട്ടുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന തീപിടുത്തം പതിയെപതിയെ കത്തിക്കയറി മൂന്നാഴ്ചയോളം തുടര്‍ന്നെന്നും ഇത് പിന്നീട് കപ്പലിനെ മഞ്ഞുമലയില്‍ ഇടിക്കാന്‍ കാരണമായതെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം നേരത്തേയും ഈ വാദം ഉയര്‍ന്നു വന്നിരുന്നെങ്കിലും ഏറ്റവും പുതിയ വിലയിരുത്തലുകള്‍ തെളിവുകളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഇതിനായി മളോനി കപ്പലിലെ മുഖ്യ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ബെല്‍ഫാസ്റ്റ് തുറമുഖത്ത് നിന്നും പുറപ്പെടും മുമ്പ് എടുത്ത ഫോട്ടോഗ്രാഫുകള്‍ പഠനം നടത്തിയിരുന്നു. ചിത്രത്തില്‍ 30 അടി നീണ്ട കറുത്ത പാട് മുന്‍ഭാഗത്തെ വലതു പാര്‍ശ്വത്തിലായി കാണാമെന്നും. ഇത് മഞ്ഞുമല ഉണ്ടാക്കിയ കേടുപാടിന് തൊട്ടു പിന്നിലായിരുന്നെന്നും പറയുന്നുണ്ട്. മഞ്ഞുമല ഇടിച്ച കപ്പലിന്റെ ഭാഗം വിശദമായി പരിശോധിക്കുമ്പോഴാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. ഒരു പക്ഷേ ഇത് കപ്പലിന്റെ ബോയ്‌ലര്‍ റൂമിന്റെ തൊട്ടുപിന്നിലെ ഇന്ധന ടാങ്കിലേക്ക് പടര്‍ന്നിരിക്കാമെന്നാണ് പറയുന്നത്. 12 ലധികം പേര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലൂം അത് നിയന്ത്രണാതീതമായി വളര്‍ന്നു. ഇതേ തുടര്‍ന്ന് ചൂട് 1000 ഡിഗ്രി വരെ ഉയര്‍ന്നു.

ഇതിനൊപ്പം മഞ്ഞുമലയില്‍ ഇടിക്കുക കൂടി ചെയ്തത് കപ്പലിനെ ദുര്‍ബ്ബലപ്പെടുത്തുകയും ഒടിയാന്‍ കാരണമാകുകയും ചെയ്തു. കപ്പലിലെ 2,500 യാത്രക്കാരെ തീപ്പിടുത്ത വിവരം ഒരു കാരണവശാലും അറിയിക്കരുതെന്ന് ടൈറ്റാനിക് നിര്‍മ്മിച്ച ബ്രൂസ് ഇസ്‌മേ കമ്പനി പ്രസിഡന്റ് കര്‍ശന നിര്‍ദേശവും നല്‍കിയത്രേ. കപ്പല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഒരു നൂറ്റാണ്ട് നീണ്ട വിശ്വാസത്തിനാണ് മളോണി പുതു കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. മഞ്ഞുമല ഇടിച്ച ഭാഗം ഇതുവരെയുള്ള ഗവേഷകര്‍ കാര്യമായ പഠനം നടത്തിയിരുന്നില്ലെന്നും മളോണി പറയുന്നു.