അര്‍ബുദകോശങ്ങള്‍ പെരുകുന്നതിന്റെ ജനിതക രഹസ്യം കണ്ടെത്തി മലയാളി ഗവേഷകനും സംഘവും

അര്‍ബുദകോശങ്ങള്‍ പെരുകുന്നതിന്റെ ജനിതക രഹസ്യം കണ്ടെത്തി മലയാളി ഗവേഷകനും സംഘവും. ഭാവിയില്‍ ഫലപ്രദമായ അര്‍ബുദ ചികിത്സയ്ക്ക് ഈ പ്രധാന കണ്ടെത്തലിന് കണ്ണൂര്‍ പൈസക്കരി സ്വദേശി ഡോ.റോബിന്‍ സെബാസ്റ്റ്യനാണ് നേതൃത്വം നല്‍കിയത്. നേച്ചര്‍ ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വാഷിങ്ടണ്‍ ഡി.സിയില്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞനായ ഡോ. റോബിന്‍, അര്‍ബുദത്തിന്റെ ഈ ജനിതക രഹസ്യം കണ്ടെത്താന്‍ 5വര്‍ഷം അധ്വാനിച്ചു. മറ്റ് 16 ഗവേഷകരുടെ സഹായവും തേടി. ജീവല്‍പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം സൂക്ഷിച്ചുവെയ്ക്കുന്ന മാസ്റ്റര്‍ തന്മാത്രയാണ് (ഡി.എന്‍.എ). . കോശവിഭജന വേളയില്‍, ഡി.എന്‍.എ തന്മാത്രകള്‍ അവയുടെ നേര്‍പ്പകര്‍പ്പ് സൃഷ്ടിച്ച് പുനരുത്പാദനം നടത്തുന്നു. ഡി.എന്‍.എയ്ക്ക് കാര്യമായ തകരാര്‍ പറ്റിയാല്‍, അത് പരിഹരിക്കപ്പെടുംവരെ പുനരുത്പാദനം തടയപ്പെടുന്നു. കേടുമാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ കോശം നശിക്കും. ഒപ്പം ഡി.എന്‍.എയും നശിക്കുന്നതാണ്. തകരാര്‍ പറ്റിയ ഡി.എന്‍.എ. നശിക്കുക എന്നത് പ്രകൃതിനിയമമാണ്. ക്യാന്‍സര്‍ കോശങ്ങളുടെ കാര്യത്തില്‍ അത് തകിടംമറിയുന്നു. കേടുപറ്റിയ ഡി.എന്‍.എയും പെരുകുന്നു. അര്‍ബുദകോശങ്ങള്‍ പെരുകുന്തോറും ഡി.എന്‍.എയിലെ മ്യൂട്ടേഷനുകളും തകരാറുകളും വര്‍ധിക്കും, ക്യാന്‍സര്‍ കൂടുതല്‍ മാരകമാകും. ഡി.എന്‍.എയുടെ ഇരുവശത്തെയും തന്തുക്കള്‍ പൊട്ടുക എന്നതാണ്, ആ തന്മാത്രയ്ക്ക് സംഭവിക്കാവുന്ന ഏറ്റവും ഗുരതരമായ തകരാര്‍. ഇതിന് ‘ഡബിള്‍-സ്ട്രാന്‍ഡ് ബ്രേക്ക്സ് എന്നാണ് പറയുക. ഈ തകരാര്‍ വന്നാല്‍ സാധാരണഗതിയില്‍ ഡി.എന്‍.എ.പുനരുത്പാദനം നിലയ്ക്കും. എന്നാല്‍, കാന്‍സര്‍ കോശങ്ങളില്‍ ഈ അവസ്ഥയിലും ഡി.എന്‍.എ. പകര്‍പ്പ് സൃഷ്ടിക്കപ്പടുന്നു. അതിന്റെ കാരണം ശാസ്ത്രത്തിന് ഇതുവരെ അജ്ഞാതമായിരുന്നു. റോബിന്റെയും സംഘത്തിന്റെയും പഠനത്തില്‍ അതിന്റെ ജനിതകരഹസ്യമാണ് അനാവരണം ചെയ്തത്. കാന്‍സര്‍ കോശങ്ങളില്‍ ഡി.എന്‍.എ. തന്തുക്കള്‍ പൊട്ടിയാല്‍, ഡി.എന്‍.എയുടെ ആ ലോക്കല്‍ പ്രദേശത്ത് മാത്രം തല്‍ക്കാലം പുനരുത്പാദനം നിര്‍ത്തിവെയ്ക്കപ്പെടും, എന്നാല്‍ മൊത്തം ഡി.എന്‍.എ.പതിപ്പുണ്ടാക്കല്‍ തുടരുകയും ചെയ്യും. ഈ കാര്യങ്ങളാണ് തന്റെ ഗവേഷണത്തിലൂടെ റോബിൻ കണ്ടെത്തിയത്.