മാർബർഗ് വൈറസ് ടാൻസാനിയയിലും സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

റുവാണ്ടയിൽ ഭീതിവിതച്ച മാർബർഗ് വൈറസ് ടാൻസാനിയയിലും സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. വടക്കുപടിഞ്ഞാറൻ ടാൻസാനിയയിൽ മാർബർഗ് വൈറസ് ബാധിച്ച് എട്ട് പേർ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആകെ ഒൻപത് പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. അയൽരാജ്യമായ റുവാണ്ടയിൽ രോഗം ബാധിച്ച് 15 പേർ മരിച്ചിരുന്നു. ജനുവരി 10 ന് ടാൻസാനിയയിലെ കഗേര മേഖലയിൽ മാർബർഗ് വൈറസിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഡബ്ള്യുഎച്ച്ഒ വ്യക്തമാക്കി. രണ്ട് രോഗികളുടെ സാമ്പിളുകൾ ടാൻസാനിയയിലെ ദേശീയ ലബോറട്ടറിയിൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. തലവേദന, കടുത്ത പനി, നടുവേദന, വയറിളക്കം, രക്തം ഛർദ്ദിക്കൽ, പേശികളുടെ ബലഹീനത, ബാഹ്യ രക്തസ്രാവം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. മാരക രോഗമായ ഇബോളയെ പോലെ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയാത്ത ഒരു രോഗം തന്നെയാണ് മാർബഗും എന്നാണ് പറയപ്പെടുന്നത്. നിലവിൽ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയോ പ്രതിരോധ സംവിധാനങ്ങളോ ഇല്ല. ശരീരത്തിലെ അവയവങ്ങളേയും രക്തക്കുഴലുകളേയും ബാധിക്കുന്ന ഈ രോഗം ആന്തരിക രക്തസ്രാവത്തിനും കൂടാതെ കണ്ണ് ,ചെവി, വായ് എന്നിവിടങ്ങളിലൂടെ രക്തം വാർന്ന്പോകാനും ഇടയാക്കും. രോഗം ബാധിച്ച വ്യക്തിയെ സ്പർശിക്കുകയോ രോഗിയുടെ ശരീര സ്രവങ്ങൾ കൈകാര്യം ചെയ്യുകയോ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ആ വ്യക്തിയിലേക്ക് ഈ രോഗം പകരുന്നതാണ് രീതി. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണ് എന്ന കാര്യം ഇനിയും വ്യക്തമല്ല എന്നാണ് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ടെഡ്റോസ് അഥാനം ഗബ്രിയോസിസ് വ്യക്തമാക്കി.