ഉത്തർപ്രദേശിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കാലിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ഒരു ദൃശ്യമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ജാൻസിയിലെ പോസ്റ്റുമോർട്ടം ഹൗസിന് മുമ്പിലാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമിത് സിങ് എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാലിൽ തുണി കെട്ടിയ ശേഷം മൃതദേഹത്തെ മണ്ണിലൂടെ വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൃതദേഹത്തെ വലിച്ചിഴക്കുന്ന രണ്ട് യുവാക്കളും ആംബുലൻസ് ഡ്രൈവർമാരാണെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ പോസ്റ്റുമോർട്ടം ഹൌസ് പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങൾ എന്ന് ചിത്രീകരിച്ചതാണ് എന്നതിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.